ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ചെറുമകളെ ലൈം​ഗികമായി പീഡിപ്പിച്ച മുത്തശ്ശൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം എന്ന ​ഗ്രമത്തിലാണ് സംഭവം. ​ഗം​ഗാ പ്രസാദ് എന്നയാളാണ് മൂന്ന് വയസായ ചെറുമകളെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അന്നേ ദിവസം കുട്ടിയെ മുത്തശ്ശനടുത്താക്കിയിട്ട് അമ്മ പുറത്തുപോകുകയായിരുന്നു. ഈ തക്കം നോക്കിയാണ് ഗം​ഗാ പ്രസാദ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് മണ്ഡവല്ലി പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു.

വീട്ടിൽ തിരിച്ചെത്തിയ അമ്മ മകൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ഗം​ഗാ പ്രസാദിനെതിരെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ തുടന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.