ബെഗുസരായി: വിവാഹത്തിനിടെ നടന്ന ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരൻ മരിച്ചു. ബീഹാറിലെ ബെഗുസരായിയിലാണ് സംഭവം. ഞായറാഴ്ച രാത്രി വെടിയേറ്റ മൊഹമ്മദ് സദ്ദാമാണ് ആശുപത്രിയിൽ വച്ച് മരിച്ചത്.

ഞായറാഴ്ച സദ്ദാമിന്റെ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാത്രി പത്ത് മണിയോടെ വരനും സംഘവും വധുവിന്റെ വീട്ടിൽ എത്തി. വരനും വധുവും പൂമാല കൈമാറുന്നതിന് മിനിറ്റുകൾക്ക് മുൻപ് വരന്റെ ബന്ധുക്കൾ നൃത്തം ചെയ്യാൻ തുടങ്ങുകയായിരുന്നു.

ഇതിനിടെ വധുവിന്റെ ബന്ധുക്കളിലൊരാൾ തന്റെ നാടൻ തോക്ക് പുറത്തെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തു. ഇയാൾ ഉതിർത്ത അഞ്ച് ബുള്ളറ്റുകളിലൊന്ന് സദ്ദാമിന്റെ ശരീരത്തിലാണ് കൊണ്ടത്. രാത്രി 11.55 ഓടെ ബെഗുസരായിയിലെ ആശുപത്രിയിൽ വച്ച് സദ്ദാം മരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരി മുതൽ ഇത്തരത്തിലുള്ള ആറ് സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ ഒൻപതിന് വരണമാല്യം അണിയിച്ച ശേഷം നടന്ന ആഘോഷ വെടിവയ്പ്പിൽ വരൻ മരിച്ചിരുന്നു. വരന്റെ സഹോദരനും ഗുരുതരമായി പരിക്കേറ്റു. ഷാപൂറിലെ വിജാപതിലായിരുന്നു ഈ സംഭവം നടന്നത്.