ഭോപ്പാല്‍: വിവാഹ ആഘോഷം അതിരുവിട്ടപ്പോള്‍ വരന്‍റെ അച്ഛന് ദാരുണാന്ത്യം. വിവാഹ ഘോഷയാത്രയില്‍ നടന്ന ആഘോഷത്തിനിടെ വെടിയേറ്റ വരന്‍റെ പിതാവ് തല്‍ക്ഷണം മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47കാരനായ വിക്രം സിംഗ് ആണ് മരിച്ചത്. വിക്രം സിംഗിന്‍റെ മകന്‍ രഞ്ജീത് സിംഗിന്‍റെ വിവാഹത്തിനാണ് അപകടം നടന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം വിവാഹ ചടങ്ങുകള്‍ക്കായി ആഘോഷത്തോടെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഘോഷയാത്രക്കിടെ ആരോ വെടിവെച്ചു. വിക്രം സിംഗിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ രാഘ്‍വി പൊലീസ് കേസെടുത്തു. ആരാണ് വെടിവെച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷത്തിന് തോക്കുമായെത്തി വെടിവെക്കുന്നത് പതിവാണെന്നും ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെടുകയാണെന്നും പൊലീസ് വ്യക്തമാക്കി.