പിടിക്കപ്പെടാതിരിക്കാൻ ഒളിവിൽ കഴിഞ്ഞത് പ്രമുഖ തമിഴ് നടന്മാർ താമസിച്ച ഹോട്ടലിൽ, ടിപ്‍സായി നൽകിയത് പതിനായിരങ്ങൾ
തൃശ്ശൂർ: ഗുരുവായൂർ സ്വർണക്കവർച്ചാ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി നാഗരാജ് എന്ന അരുൺകുമാറാണ് പിടിയിലായത്. അരുൺരാജ് എന്നും ഇയാൾക്ക് പേരുണ്ട്. നാഗരാജിന്റെ സഹോദരൻ തിരുച്ചിറപ്പള്ളി സ്വദേശി ധർമരാജിനെ നേരത്തെ പിടികൂടിയിരുന്നു. ഗുരുവായൂർ തമ്പുരാൻപടിയിലെ വീട്ടിലെ കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട ധർമരാജിനെ ചണ്ഡീഗഡിൽ നിന്നാണ് പിടികൂടിയത്. മോഷണ മുതലിന്റെ ഒരു ഭാഗം ഇയാളിൽ നിന്ന് കണ്ടെടുത്തു. സഹോദരൻ പിടിയിലായതോടെ തന്റെ പങ്കുമായി നാഗരാജ് ഒളിവിൽ പോയിരുന്നു. പണവും സ്വർണവും നാഗരാജിന്റെ കയ്യിലാണെന്ന് ധർമരാജിൽ നിന്ന് വിവരം ലഭിച്ചതോടെ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഗുരുവായൂർ പോലീസും ഷാഡോ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 7 ലക്ഷം രൂപ നാഗരാജിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണവും പ്രതി വിറ്റഴിച്ച സ്വർണവും മോഷണ മുതൽ ഉപയോഗിച്ച് വാങ്ങിയ ആഡംബര ബൈക്കുകളും കണ്ടെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 12നാണ് തമ്പുരാൻപടി സ്വദേശിയായ ബാലന്റെ വീട്ടിൽ നിന്ന് രണ്ടര കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നത്. രണ്ടാം നിലയിലുള്ള കിടപ്പുമുറിയുടെ വാതിൽ തകർത്തായിരുന്നു മോഷണം. വീട്ടുകാർ വീട് പൂട്ടി സിനിമയ്ക്ക് പോയ സമയത്തായിരുന്നു കവർച്ച.
നയിച്ചത് ആഡംബര ജീവിതം, ടിപ്‍സായി നൽകിയത് പതിനായിരങ്ങൾ
സഹോദരൻ പിടിയിലായ വിവരം അറിഞ്ഞതോടെ കവർച്ചയ്ക്ക് ശേഷം വീതിച്ചെടുത്ത തന്റെ ഭാഗവുമായി ഒളിവിൽ പോകുകയായിരുന്നു നാഗരാജ്. പ്രശസ്ത തമിഴ് സിനിമാ നടന്മാർ താമസിച്ചിരുന്ന ഹോട്ടലുകളിൽ മുറിയെടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവാക്കിയിരുന്നത്. ഫൈവ് സ്റ്റാർ സൗകര്യമുള്ള മസ്സാജ് പാർലറുകളിലും ബ്യൂട്ടി പാർലറുകളിലും നിത്യ സന്ദർശകനായിരുന്നു നാജരാജ് എന്ന് പൊലീസ് പറഞ്ഞു. പതിനായിര കണക്കിന് രൂപയാണ് ജീവനക്കാർക്ക് 'ടിപ്പ്' ഇനത്തിൽ നൽകിയിരുന്നത്. ആഡംബര ബൈക്കുകളിലായിരുന്നു യാത്ര. മൂന്ന് ആഡംബര ബൈക്കുകൾ നാഗരാജിന്റെ കൈവശം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപം ഒരു ഗുണ്ടാ സംഘത്തെയും ഇയാൾ തയ്യാറാക്കി നിർത്തിയിരുന്നു. വീടിന് സമീപത്തെ ശ്മശാനം കേന്ദ്രീകരിച്ചായിരുന്നു ഗുണ്ടാ സംഘം പ്രവർത്തിച്ചിരുന്നത്.
നാഗരാജ് നിരവധി കേസുകളിൽ പ്രതി
അറസ്റ്റിലായ നാജരാജ് എന്ന അരുൺകുമാർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. ഇതിൽ പല കേസുകളിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.
