മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് ഭാര്യമാര്‍ക്കെതിരെ ഭര്‍ത്താക്കന്മാരുടെ ക്രൂരമായ ആക്രമണമുണ്ടാകുന്നത്. 

ബേട്ടൂല്‍: മധ്യപ്രദേശിലെ ബേട്ടൂലില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. വ്യാഴാഴ്ച രാവിലെ ചിചോലിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കവിത വന്‍ശങ്കര്‍ എന്ന സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കൈ പൂര്‍ണമായും മറ്റൊരു കൈയിലെ മൂന്ന് വിരലുകളും വെട്ടിമാറ്റി. വെട്ടിമാറ്റിയ ഭാഗങ്ങള്‍ വീണ്ടും തുന്നിച്ചേര്‍ത്തെങ്കിലും ശരിയായി പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭര്‍ത്താവ് രാജു വന്‍ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ നിരന്തരമായി വഴക്കിടുന്നവരാണെന്നും ചെറിയ പ്രശ്‌നത്തെ തുടര്‍ന്ന് വ്യാഴാഴ്ച 17കാരിയായ മകളോടൊപ്പം ഉറങ്ങിക്കിടക്കവെ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് ഭാര്യമാര്‍ക്കെതിരെ ഭര്‍ത്താക്കന്മാരുടെ ക്രൂരമായ ആക്രമണമുണ്ടാകുന്നത്.

മാര്‍ച്ച് ഒമ്പതിന് ഭോപ്പാലില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റിയിരുന്നു. മാര്‍ച്ച് 22ന് മറ്റൊരു യുവതിയും ഭര്‍ത്താവിന്റെ ക്രൂരതക്ക് ഇരയായി. രണ്ട് കൈകളാണ് ഭര്‍ത്താവ് വെട്ടിയത്. പ്രണയിച്ച് വിവാഹിതരായി രണ്ടര മാസം കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.