ഗുവാഹട്ടി: അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന്‌ സമീപം തലയറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകം നരബലിയാണെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു.

കാമാഖ്യ ക്ഷേത്രത്തിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ്‌ ബുധനാഴ്‌ച്ച വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്‌. ഒരു മണ്‍വിളക്കും കുടവും മൃതദേഹത്തിന്‌ സമീപം ഉണ്ടായിരുന്നു. ഏതെങ്കിലും ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമായി നടന്ന നരബലിയാകാം ഇതെന്ന്‌ സംശയിക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

നടന്നത്‌ നരബലിയാണെങ്കില്‍ തുടര്‍ അനുഷ്‌ഠാനങ്ങള്‍ക്കായി കൊലയാളി മൃതദേഹത്തിന്റെ തലയുമായി ശ്‌മശാനത്തിലേക്ക്‌ പോയിരിക്കാമെന്നാണ്‌ പൊലീസിന്റെ നിഗമനം. ശ്‌മശാനങ്ങള്‍ കേന്ദ്രീകരിച്ച്‌ അത്തരത്തിലുള്ള അന്വേഷണമാണ്‌ പൊലീസ്‌ പ്രധാനമായും നടത്തുന്നത്‌. കൊലപാതകത്തിന്‌ മുമ്പ്‌ പിടിവലി നടന്ന ലക്ഷണങ്ങളൊന്നും കാണാനില്ല. മൃതദേഹത്തില്‍ പരിക്കുകളുമില്ല. യുവതിയെ മയക്കിക്കിടത്തിയശേഷമായിരിക്കാം തലവെട്ടിയതെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

കാമാഖ്യ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവമായ അമ്പുബാച്ചി മേളയ്‌ക്ക്‌ മൂന്നു ദിവസം മുമ്പാണ്‌ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്‌. കാമാഖ്യ ദേവിയുടെ ആര്‍ത്തവകാലം ആഘോഷിക്കുന്ന ഉത്സവമാണ്‌ അമ്പുബാച്ചി മേള.