കാലടിയിൽ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച അരിമില്ല് പൂട്ടിച്ച് ആരോഗ്യവകുപ്പ്. 

എറണാകുളം: കാലടിയിൽ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച അരിമില്ല് പൂട്ടിച്ച് ആരോഗ്യവകുപ്പ്. മില്ലിലെ നിരവധി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും മില്ല് പ്രവര്‍ത്തിക്കുകയായിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതിരിക്കാൻ തൊഴിലാളികൾ ചാക്ക് കെട്ടുകൾക്കിടയിൽ ഒളിക്കുകയായിരുന്നു.

പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ചത്. ഇവിടുത്തെ പന്ത്രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മില്ലിന്‍റെ ഗെയിറ്റ് പൂട്ടി പ്രവര്‍ത്തിക്കുകയാരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് മില്ലിൽ പരിശോധന നടത്തി. പിന്നീടാണ് ചാക്കുകെട്ടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന നിലയിൽ തൊഴിലാളികളെ കണ്ടെത്തിയത്.

ഉദ്യോഗസ്ഥരെ കണ്ട് ചിലര്‍ ഇറങ്ങിയോടി. മില്ലിലെ തൊഴിലാളികളെ മുഴുവൻ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കി. ഇവരെ ആര്‍ടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. മില്ലുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona