പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പതിനാറ് വയസുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കാസർകോട്: കാസർകോട് ബന്തിയോട് സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന കടയിൽ ഒളിക്യാമറ വച്ച ജീവനക്കാരൻ പിടിയിൽ. പതിനാറ് വയസുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബന്തിയോട്ട് സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന ചാമ്പ്യൻസ് സ്പോർട്സിന്റെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. കടയിലെ ജീവനക്കാരൻ ബന്തിയോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ഇയാളാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലെ ത്രോബോൾ മത്സരത്തിൽ പങ്കെടുക്കാൻ ജേഴ്സി വാങ്ങുന്നതിനായി ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം 16 വയസുകാരി കടയിൽ എത്തിയത്. ജേഴ്‌സി തെരഞ്ഞെടുത്ത് ട്രയൽ റൂമിൽ എത്തിയപ്പോഴാണ് മൊബൈൽ ഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പെൺകുട്ടി സഹോദരനെ വിവരമറിയിക്കുകയും മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് ഇത്തരം പ്രവർത്തിയിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Also Read : മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട്ടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, മലപ്പുറം സ്വദേശി പിടിയില്‍

തിരുവനന്തപുരംനെടുമങ്ങാട്ട് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് ജൻസീറിനെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി പെണ്‍കുട്ടിയ പരിചയപ്പെട്ട മുഹമ്മദ് ജന്‍സീര്‍ ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.