2015ലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം എന്ന് വിലയിരുത്തി കോടതി ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചത്.

കാസർകോട്: സഫിയ വധക്കേസിലെ ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. 13 കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ഹൈക്കോടതി വിധി.

2015ലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം എന്ന് വിലയിരുത്തി കോടതി ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഹംസയെ കൂടാതെ ഭാര്യ മൈമുനയയും ബന്ധു അബ്ദുള്ളയെയും കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇരുവരുടെയും ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

സഫിയയെ വീട്ട് ജോലിക്കായി ഗോവയിൽ കൊണ്ടുപോകുകയും വെട്ടിക്കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ കുഴിച്ച് മൂടുകയുമായിരുന്നു. 2006 ഡിസംബറിലാണ് സഫിയയെ കാണാതാകുന്നത്. ഒന്നര വര്‍ഷത്തിനു ശേഷം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. 2008 ജൂലൈ ഒന്നിനാണ് കേസിലെ ഒന്നാം പ്രതിയായ ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലൈ ആറിന് ഗോവയില്‍ നിന്ന് സഫിയയുടെ അസ്ഥികൂടം കുഴിച്ചെടുത്തിരുന്നു.