സാക്ഷി മൊഴി വിശ്വസനീയമല്ലെന്ന നൗഷാദിന്‍റെ വാദം ശരിവച്ചു കൊണ്ടാണ് കീഴ്ക്കോടതി നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്.

കൊച്ചി: കൊല്ലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന കേസില്‍ ഇരവിപുരം എംഎല്‍എയും സിപിഎം നേതാവുമായ എം നൗഷാദിനെ പ്രതി ചേര്‍ത്ത വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. സാക്ഷിമൊഴി അവിശ്വസനീയമാണെന്ന നൗഷാദിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

1997ല്‍ കൊല്ലം പട്ടത്താനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്തോഷിനെ കൊന്ന കേസിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. കേസിൽ നാല് പ്രതികൾക്ക് നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒളിവിൽ പോയ മറ്റൊരു പ്രതിയുടെ വിചാരണ ഘട്ടത്തിലാണ് കൊലപാതകികളുടെ സംഘത്തിൽ എം നൗഷാദ് എംഎൽഎയും മറ്റൊരാളും ഉണ്ടെന്ന് ഒന്നാം സാക്ഷി മൊഴി നൽകിയത്.

ഇതേത്തുടർന്നാണ് എം നൗഷാദ് അടക്കം രണ്ട് പേരെകൂടി പ്രതി ചേർത്ത് വിചാരണ തുടങ്ങിയത്. കൊല്ലത്തെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ഇതിനെതിരെ നൗഷാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാക്ഷി മൊഴി വിശ്വസനീയമല്ലെന്ന നൗഷാദിന്‍റെ വാദം ശരിവച്ചു കൊണ്ടാണ് കീഴ്ക്കോടതി നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കേസ് രാഷ്ട്രീയമായും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേസില്‍ രാഷ്ട്രീയപ്രേരിതമായി തന്‍റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന നിലപാടാണ് തുടക്കം മുതല്‍ എം നൗഷാദ് ഉയര്‍ത്തിയിരുന്നത്.