സംഭവം നടക്കുമ്പോൾ യുവാവ് ഒരു ബാര്‍ബര്‍ ഷോപ്പിലായിരുന്നു. ഷോപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ പൊടുന്നനെ ഇയാൾക്ക് നേരെ തിരിഞ്ഞു. ഒരാൾ തോക്കെടുത്ത് ഇയാൾക്ക് നേരെ നിറയൊഴിച്ചു.

പാറ്റ്ന: ദുരഭിമാനക്കൊലയുടെ മറ്റൊരു വാര്‍ത്തയാണ് ബിഹാറിൽ നിന്ന് പുറത്തുവരുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ച് കൊന്നു. തന്റെ മകന്റെ സഹായത്തോടെയാണ് ഇയാൾ മകളുടെ ഭര്‍ത്താവിന് നേരെ നിറയൊഴിച്ചത്. കുടുംബത്തിന്റെ താത്പര്യത്തിന് വിപരീദമായി ഇതര ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനാണ് കൊലപാതകം. ഒരു വര്‍ഷം മുമ്പായിരുന്നു കൊല്ലപ്പെട്ടയാളും കൊല ചെയ്തയാളുടെ മകളും വിവാഹിതരായത്. മൊനു റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മുൻസിപ്പൽ കൗൺസിലര്‍ സോനു റായിയുടെ സഹോദരനാണ് മൊനു. 

ബിഹാറിലെ ബുക്സാര്‍ ജില്ലയിലെ ദുമ്രോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവം നടക്കുമ്പോൾ യുവാവ് ഒരു ബാര്‍ബര്‍ ഷോപ്പിലായിരുന്നു. ഷോപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ പൊടുന്നനെ ഇയാൾക്ക് നേരെ തിരിഞ്ഞു. ഒരാൾ തോക്കെടുത്ത് ഇയാൾക്ക് നേരെ നിറയൊഴിച്ചു. ഉടൻ തന്നെ ബാര്‍ബര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഒരാൾ ബാര്‍ബര്‍ ഷോപ്പിലെ റേസര്‍ എടുത്ത് യുവാവിനെ ആക്രമിച്ചു. അപ്പോഴേക്കും മറ്റൊരാൾ ഇതിനൊപ്പം ചേരുകയും യുവാവിനെ വെടിവെക്കുകയുമായിരുന്നു. 

വെടിയേറ്റ് താഴെ വീണ ഇയാളെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്താണ് പ്രതികൾ സ്ഥലം വിട്ടത്. രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുൻ സൈനിക ഉദ്യോഗസ്ഥനാണ് മൊനുവിന്റെ ഭാര്യാപിതാവ് സുനിൽ പതക്. കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസ് സൂപ്രണ്ടിനെ വിളിക്കുകയും നേരിട്ട് കീഴടങ്ങുകയും ചെയ്തു. ഇയാളുടെ മകൻ സുനിൽ പതക്കും കൊലപാതകത്തിൽ പ്രതിയാണ്. സുനിൽ പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തു.