ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രണയിനികള്‍ക്കു നേരെ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആക്രമണം. തിങ്കളാഴ്ച യുവാവിനെ കൊലപ്പെടുത്തിയ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം സ്വന്തം മകളായ 18കാരിക്കുനേരെയും വെടിവച്ചു. എന്നാല്‍, പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. യുപിയിലെ ബഹദുര്‍പുരിലാണ് സംഭവം. മാതാപിതാക്കളും അമ്മാവനുമാണ് ആക്രമണത്തിന് പിന്നില്‍. പെണ്‍കുട്ടിക്ക് യുവാവുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ആക്രമണം. ആഗ്ര സ്വദേശി ആമിര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 

പെണ്‍കുട്ടിയെ വെടിവച്ച ശേഷം മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗ്രാമീണരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തു. ബര്‍തര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. പിതാവ് അഫ്രോസ്, മാതാവ് നൂര്‍ജഹാന്‍, അമ്മാവന്‍ ഇഫ്സാദ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

ആഗ്ര സ്വദേശിയായ ആമിര്‍ എന്ന യുവാവുമായി തനിക്കുള്ള ബന്ധം കുടുംബം അംഗീകരിച്ചില്ലെന്നും അതാണ് ആക്രമണ കാരണമെന്നും പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കി. പെണ്‍കുട്ടിയെയും കൊല്ലാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. പ്രതികളെ പിടികൂട്ടിയിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.