പാലക്കാട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. യാക്കര സ്വദേശിയായ ടാക്സി ഡ്രൈവർ ആണ് പ്രതി. ഇയാള്‍ കൊലപാതകത്തിന് ശേഷം ഒളിവിൽ പോവുന്നതിനിടെ കാർ ലോറിയിലിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടില്ല.
ഇയാളെ ചോദ്യം ചെയ്താലേ കൊലപാതക കാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.

മെയ് 28 രാത്രിയാണ് കഞ്ചിക്കോട് പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തിയത്. സംഭവം സിസിടിവിയിൽ പതിഞ്ഞെങ്കിലും അക്രമിയെ തിരിച്ചറിയാനായില്ല. എട്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസിന് കണ്ടെത്താനായത്. കഞ്ചിക്കോട് നിന്ന് 15 കിലോമീറ്റർ മാറിയുള്ള യാക്കരയിലെ ടാക്സി ഡ്രൈവറാണ് സുരക്ഷ ജീവനക്കാരനായ പിഎം ജോണിനെ കൊലപ്പെടുത്തിയത്. 

28ന് രാത്രി കൊലപാതകം നടത്തി 29 ന് പുലർച്ചെ പ്രതി ഒളിവിൽ പോവാൻ ശ്രമിച്ചു. എന്നാൽ പാലക്കാട് മണപുള്ളികാവ് വെച്ച് പ്രതി സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരിക്കുന്ന ലോറിയിലിടിച്ചു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രതിയെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബോധം തിരിച്ച് കിട്ടാത്തതിനാൽ ഇയാളുടെ അറസ്റ്റ് വൈകുമെന്ന് പൊലീസ് അറിയിച്ചു. 

"

സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. കൂടാതെ ഉന്നത പൊലീസ് സംഘം കോയന്പത്തൂരിലെത്തി പ്രതിയെ കുറിച്ച് അന്വേഷണം നടത്തി. ഇവിടെ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ഹോസ്റ്റലിലുണ്ടായിരുന്ന ആരുമായെങ്കിലും പ്രതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.