തിരുവനന്തപുരം: തിരുവന്തപുരം മംഗലപുരത്ത് ഇളയ സഹോദരന്‍റെ വീടാക്രമിക്കാൻ ക്വട്ടേഷൻ നൽകി മൂത്ത സഹോദരൻ. പട്ടാപ്പകൾ ഇളയ സഹോദരന്‍റെ വീടിന്‍റെ മതിൽ തകർത്ത ഗുണ്ടകൾ വീട്ടുകാരെ ആക്രമിച്ചു. അക്രമത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

മംഗലപുരം സ്വദേശി നിസാമ്മുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഗുണ്ടാ സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്. ചുറ്റുമതിലുകൾ അടിച്ചുതകർത്തശേഷം വീട്ടിലേക്ക് കയറി. നിസാമുദ്ദീന്റെ പന്ത്രണ്ടുകാരിയായ മകളെയും, അമ്മയെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തെന്നാണ് പരാതി. ബന്ധുക്കളായ മുനീറിനെയും മുഹമ്മദ് ഷാഫിയെയും തല്ലിച്ചതച്ചെന്നും പരാതിയുണ്ട്. മൂത്ത സഹോദരനായ സൈഫുദ്ദീനാണ് അക്രമത്തിന് പിന്നിലെന്നാണ് നിസാമുദ്ദീൻ ആരോപിക്കുന്നത്. നിസാമുദ്ദീന്‍റെ പരാതിയിൽ മംഗലപുരം സ്വദേശി സൈഫുദ്ദീൻ അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന നിസാമുദ്ദീനും സൈഫുദ്ദീനും തമ്മിൽ വസ്തുക്കർക്കമുണ്ട്. റോഡിന് സ്ഥലം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നിസാമുദ്ദീന് അനുകൂലമായ കോടതിവിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീടിന് ചുറ്റും മതിൽ കെട്ടി. ഇതിലുള്ള വൈരാഗ്യം മൂലം സൈഫുദ്ദീൻ ക്വട്ടേഷൻ നൽകി ഗുണ്ടാസംഘത്തെ അയച്ചെന്നാണ് നിസാമിന്റെ പരാതി. ഇതേ ഗുണ്ടാസംഘം രണ്ട് ദിവസം വീട് മാറി മറ്റൊരു വീട്ടിൽ അതിക്രമം നടത്തിയിരുന്നു. ഈ വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്.