ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സഫ്‍വയെയും കുട്ടികളെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  

മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്‍റെ ഭാര്യ സഫ്‍വ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ.

YouTube video player

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്‍തതെന്ന് സഫ്‍വയുടെ കുടുംബവും ആരോപിച്ചിരുന്നു. 'മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് സഫ്‍വ അയച്ചിരുന്നു. മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നു'. മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്നുമായിരുന്നു സഹോദരന്‍ പറഞ്ഞത്. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. 

മരിച്ച ഫാത്തിമ മര്‍സീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. ഭാര്യയുടെയും മക്കളുടെയും മരണം ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്. സാധാരണ എഴുന്നേല്‍ക്കുന്ന സമയമായിട്ടും സഫ്‌വയെ കാണാതായതോടെ റാഷിദ് അലി സഫ്‌വയും മക്കളും കിടന്ന മുറിയിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)\