പിണങ്ങിപ്പോയി ഒരുമാസം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനായാണ് സഞ്ജയ് കുമാര്‍ കഴിഞ്ഞ ദിവസം വന്ദനയുടെ വീട്ടിലെത്തിയത്. എന്നാല്‍ യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്. യുപിയിലെ ലഖിംപുര്‍ ഖേരിയിലാണ് സംഭവം. രാതാസിയ സ്വദേശിയും കര്‍ഷകനുമായ സഞ്ജയ് കുമാറാണ്(30) ഭാര്യ വന്ദനയുടെ (26) യുടെ മൂക്ക് കടിച്ചെടുത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ ആക്രമിച്ചതിന് പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കഴിഞ്ഞ ദിവസമാണ് സംഭവം. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വന്ദന ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി ധാക്കിയ ഗ്രാമത്തിലെ സ്വന്തം വീട്ടിലായിരുന്നു വന്ദന താമസിച്ച് വന്നിരുന്നത്. സഞ്ജയ് കുമാറിന്‍റെ മദ്യപാനത്തെ ചൊല്ലിയാണ് ഭാര്യ വീടുവിട്ടിറങ്ങിയത്. പിണങ്ങിപ്പോയി ഒരുമാസം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനായാണ് സഞ്ജയ് കുമാര്‍ കഴിഞ്ഞ ദിവസം വന്ദനയുടെ വീട്ടിലെത്തിയത്. എന്നാല്‍ യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. 

തന്‍റെ കൂടെ വരാനായി നിര്‍ന്ധിച്ചിട്ടും യുവതി നിലപാടില്‍ ഉറച്ച് നിന്നു. ഇതോടെ കുപിതനായ യുവാവ് ഭാര്യയെ ആക്രമിക്കുകയും മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുമാറിന്‍റെ രണ്ടാം ഭാര്യയാണ് വന്ദന. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സഞ്ജയ് കുമാറിന്‍റെ ആദ്യ ഭാര്യ ആറുവർഷം മുമ്പാണ് മരിച്ചത്

അതേസമയം, ഗുരുതരമായി പരിക്കേറ്റ യുവതിയെ വീട്ടുകാര്‍ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായതിനാല്‍ യുവതിയെ പിന്നീട് ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. 'കുമാറിന്റെ മദ്യപാനശീലത്തെ ചൊല്ലി വിവാഹം കഴിഞ്ഞയുടൻ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നുവെന്ന്' വന്ദനയുടെ പിതാവ് ശിവറാം പറഞ്ഞു. 'വന്ദനയെ ബലമായി കൂട്ടിക്കൊണ്ടുപോകാൻ സഞ്ജയ് ശ്രമിച്ചപ്പോൾ അവൾ എതിർത്തു, അവൻ ദേഷ്യത്തോടെ അവളുടെ മൂക്ക് കടിച്ചു'- ശിവറാം പറഞ്ഞു.

സംഭവത്തില്‍ വന്ദനയുടെ അച്ഛൻ ശിവറാം പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 326 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും യുവാവിനെ കോടതിയില്‍ ഹാജരാക്കുമെന്നും ഹൈദരാബാദ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അരുൺ സിംഗ് പറഞ്ഞു.