ആക്രമണത്തിന് ഇരയായ കോഴിക്കോട് ചാലപ്പുറം സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കോഴിക്കോട്: ഭാര്യയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കിയതായി പരാതി. ആക്രമണത്തിന് ഇരയായ കോഴിക്കോട് ചാലപ്പുറം സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ ദുബായിലേക്ക് കടന്നെന്നും യുവതി പറയുന്നു.
ദുബായില്‍ കഫറ്റീരിയ ബിസിനസ് നടത്തുന്ന നാദാപുരം സ്വദേശി അബ്ദുല്‍ നാസറിനെതിരെയാണ് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. ചാലപ്പുറം സ്വദേശിയായ ഇവര്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കഴിഞ്ഞ 16 വര്‍ഷമായി ദുബായിലാണ് താമസിക്കുന്നത്. ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകശ്രമത്തിലെത്തിയതെന്നാണ് യുവതി പറയുന്നത്. ദുബായില്‍ നിന്ന് അവധിക്ക് വന്ന ദിവസം അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. നടക്കാവിലെ വീട്ടിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം.
അബ്ദുല്‍ നാസര്‍, യുവതിയെ ആക്രമിച്ച ഡ്രൈവര്‍ അയ്മാസ്, കണ്ടലറിയാവുന്ന മറ്റ് രണ്ട് പേര് എന്നിവര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമം നടന്ന ദിവസം തന്നെ അബ്ദുല്‍ നാസര്‍ ദുബായിലേക്ക് കടന്നുവെന്നാണ് വിവരം. 15 വയസുള്ള മകളേയും 10 വയസുള്ള മകനേയും കൂട്ടിയാണ് ഇയാള്‍ ദുബായിലേക്ക് പോയത്. ദുബായില്‍ വച്ച് നിരന്തരം ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും മക്കളെ ഓര്‍ത്താണ് എല്ലാം സഹിച്ചതെന്നും യുവതി പറയുന്നു. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
