2024 ൽ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അശോകന് ജീവപര്യന്തം തടവ്. സംശയത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.
തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അശോകന് (60) ജീവപര്യന്തം തടവു ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.അനസാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 26 ന് പുലർച്ചയായിരുന്നു സംഭവം. മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ ലീലയെ (45)ആണ് അശോകൻ തീ കൊളുത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ലീല ഉറങ്ങി കിടക്കുമ്പോഴാണ് അശോകൻ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ മക്കൾ, അശോകൻ ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടിരുന്നു.
പ്രാണരക്ഷാർഥം വീടിനു പുറത്തേക്ക് ഓടിയ ലീലയെ രക്ഷിക്കാൻ ശ്രമിച്ച മകൻ അനിലിനും പൊള്ളലേറ്റു. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയിരുന്ന ലീല മടങ്ങിയെത്താൻ താമസിച്ചതിനെ സംബന്ധിച്ച് ഇരുവരും വഴക്കിട്ടിരുന്നു. ഒരു വർഷം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലായിരുന്നു അശോകൻ. ലീല ഉപേക്ഷിച്ച് പോകുമെന്നും അവർക്ക് വേറെ ബന്ധമുണ്ടെന്നും അശോകൻ സംശയിച്ചിരുന്നു.
അയിരൂർ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ മക്കളായ അനിൽ, അശ്വതി, അഞ്ജു, അനിത എന്നിവർ ഉൾപ്പെടെ 27 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.വേണി ഹാജരായി.


