ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്ത‌ാവിന് ജീവപര്യന്തം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്പലപ്പുഴ സ്വദേശി സൽമാനെയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി.

2017 മാർച്ച് ഏഴിനായിരുന്നു കേസിന് ആധാരമ‌ായ സംഭവം. വസ്തു തർക്കത്തെ തുടർന്ന് സൽമാൻ ഭാര്യ സബിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് സബിത പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. പള്ളിക്കമ്മിറ്റി നിർദ്ദേശ പ്രകാരം സൽമാന്റെ പേരിലുള്ള വസ്തു സബിതയുടെയും മകന്‍റെയും പേരിലേക്ക് കൂടി ആക്കാൻ ധാരണയായിരുന്നു. എന്നാൽ, ശാരീരികമായ ഉപദ്രവം കൂടിയതോടെ സബിത കുടുംബക്കോടതിയെ സമീപിച്ചു. 

പിന്നീട് കോടതി നിർദ്ദേശ പ്രകാരം ഇരുവരും ഒന്നിച്ച് കഴിയുന്നതിനിടെയാണ് പ്രതി സൽമാൻ സബിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സൽമാന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പിഴയായി വിധിച്ച ഒന്നേകാൽ ലക്ഷം രൂപ മകന് നഷ്ടപരിഹാരമായി നൽകാനും ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു.