പനാജി: ചികിത്സാ ചെലവ് താങ്ങാനാകാത്തതിനെ തുടർന്ന് ഭാര്യയെ ജീവനോടെ കുഴിച്ചിട്ട് ഭർത്താവ്. നോർത്ത് ​ഗേവയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ  തുക്കാറാം എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തില്ലാരി ഇറിഗേഷന്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ സ്ഥലത്താണ് ഭാര്യ താന്‍വിയെ ഇയാള്‍ ജീവനോടെ കുഴിച്ചിട്ടത്. മൃതദേഹം  തൊഴിലാളികളാണ് കണ്ടെടുത്തത്. കുഴിച്ചിട്ട സ്ഥലത്തേക്ക് പോകുന്ന തൊഴിലാളികളെ ഇയാള്‍ തടഞ്ഞിരുന്നതായും പൊലീസ് പറയുന്നു.

പലതരം ജോലികൾ ചെയ്ത് ജീവിക്കുന്ന തുക്കാറാമിന് ഭാര്യയുടെ ചികിത്സാ ചെലവുകൾ താങ്ങാനാകാതെ വന്നതോടെയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ഐപിസിയിലെ വ്യത്യസ്ഥ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തുവെന്നും തുടരന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.