തന്റെ ഉറക്കം ഭാര്യ വീഡിയോകള്‍ കാണുന്നത് മൂലം നഷ്ടപ്പെട്ടതിന്‍റെ ദേഷ്യത്തില്‍ ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് ചേതന്‍ പൊലീസിനോട് പറഞ്ഞു

മുംബെെ: രാത്രി വെെകിയും മൊബെെല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ അതിന്‍റെ ദേഷ്യത്തില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. കേസില്‍ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂലെ (32) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വയസും മാത്രമുള്ള ഇവരുടെ കുട്ടി വീട്ടിലുള്ളപ്പോള്‍ തന്നെയാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചേതന്‍ തൊഴില്‍രഹിതനായിരുന്നു. ഭാര്യ മെബെെല്‍ ഫോണിലോ ടിവിയിലോ എപ്പോഴും വീഡിയോകള്‍ കാണുന്നതിനെ ചൊല്ലി മിക്കപ്പോഴും ഇയാള്‍ വീട്ടില്‍ വഴക്കിട്ടിരുന്നു. വലിയ വഴക്കുകള്‍ക്ക് ശേഷം ഭാര്യ തന്‍റെ വീട്ടിലേക്ക് പിണങ്ങി പോവുകയാണ് പതിവ്.

ചൊവ്വാഴ്ച വീട്ടാവശ്യങ്ങള്‍ക്കായി ഭാര്യ ചേതനോട് പണം ആവശ്യപ്പെട്ടു. തൊഴിലില്ലാത്തതിനാല്‍ പണം നല്‍കാനില്ലെന്ന് പറഞ്ഞ ചേതനും ഭാര്യയും തമ്മില്‍ തര്‍ക്കമായി. വഴക്കിന് ശേഷം തന്‍റെ മൊബെെല്‍ ഫോണില്‍ ഭാര്യ വീഡിയോകള്‍ കാണാന്‍ തുടങ്ങി.

എന്നാല്‍, തന്റെ ഉറക്കം ഭാര്യ വീഡിയോകള്‍ കാണുന്നത് മൂലം നഷ്ടപ്പെട്ടതിന്‍റെ ദേഷ്യത്തില്‍ ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് ചേതന്‍ പൊലീസിനോട് പറഞ്ഞു. അല്‍പനേരത്തിന് ശേഷം ചെയ്തത് എന്താണെന്ന് മനസിലാക്കിയ ശേഷം ചേതന്‍ പൊലീസ് മുന്നില്‍ കീഴടങ്ങുകയായിരുന്നു.