തിരുവനന്തപുരം: പുല്ലുവിളയിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. പുല്ലുവിള സ്വദേശി നിതീഷാണ് ഭാര്യ ഷൈനിയെ കൊന്നത്. നിതീഷിനെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയോടെയായിരുന്നു സംഭവം. നിതീഷും ഭാര്യ ഷൈനിയും രാവിലെ ഒരു വിവാചടങ്ങിൽ പങ്കെടുത്തിരുന്നു. തിരിച്ചെത്തിയ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെയാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. 

പൊലീസ് എത്തിയപ്പോൾ കൊലപാതകക്കുറ്റം സമ്മതിക്കുകയും, ചെയ്തത് എങ്ങനെയെന്ന് വിവരിക്കുകയും ചെയ്തു. വായിൽ തുണി തിരുകി വച്ച് കാലുകൾ തുണി കൊണ്ട് കൂട്ടിക്കെട്ടിയ ശേഷമാണ് ശ്വാസംമുട്ടിച്ച് ഷൈനിയെ കൊലപ്പെടുത്തിയതത്. ഷൈനിയുടെ മുഖത്ത് കഠിന മർദനം ഏറ്റ പാടുകളും ഉണ്ടായിരുന്നു. പുല്ലുവിള സ്വദേശികൾ ആയ നിതീഷും ഭാര്യ ഷൈനിയും രണ്ട് വർഷമായി ചാവടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. നിതീഷിന് കടുത്ത സംശയരോഗം ഉണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും സമീപവാസികൾ പറയുന്നു. 

ഇയാൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമ ആണെന്ന് ബന്ധുക്കൾ പറയുന്നു. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകൻ ഉണ്ട്. മൂന്ന് മാസം ഗർഭിണിയായിരുന്നു ഷൈനി. നിതീഷിനെ തെളിവെടുപ്പിനായി ഉടൻ സ്ഥലത്തെത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  കൊണ്ടുപോയത്.