ഹൈദരാബാദ്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവായ 25കാരൻ പിടിയിൽ. ഇയാൾക്കെതിരെ ബലാത്സംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരവും കേസെടുത്തു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയ ഭാര്യയോടുള്ള പ്രതികാരം തീർക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം. 

ഇരുവരുടെയും കുടുംബങ്ങൾ ബീഹാറിൽ നിന്നുള്ളവരാണ്. മൂന്ന് വർഷം മുൻപാണ് പ്രതിയുടെ വിവാഹം കഴിഞ്ഞത്. ഇതിന് ശേഷം ഇയാൾ സ്ഥിരമായി മദ്യപിക്കുകയും, മദ്യത്തിന് അടിമയാവുകയും തൊഴിലിന് പോകാതെയുമായി. ഇതോടെയാണ് ഇയാളുടെ ഭാര്യ സ്വന്തം വീട്ടിൽ പോയി താമസിക്കാൻ തുടങ്ങിയത്.

എങ്കിലും ഇടയ്ക്ക് ഭാര്യയെയും കുടുംബത്തെയും കാണാൻ പ്രതിയായ യുവാവ് ഇവിടെയെത്താറുണ്ടായിരുന്നു. എന്നാൽ ഭാര്യയുമായി ഇയാൾ വഴക്കിടുന്നതും പതിവായിരുന്നു. ഈ കുടുംബത്തിലെ എല്ലാവരും രാവിലെ ജോലിക്ക് പോകാറുണ്ട്. ഈ സമയത്ത് കുഞ്ഞിനെ നോക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രതി കുഞ്ഞിനെ എടുത്ത് പുറത്തേക്ക് പോയി. പിന്നീട് ചന്ദ്രയൻഗുട്ട എന്ന സ്ഥലത്ത് വച്ച് മദ്യപിക്കുന്നതിനിടെ പെൺകുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു.

വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ കുടുംബം കുഞ്ഞിനെ കാണാതെ തിരച്ചിൽ നടത്തി. ഒൻപത് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇതിനിടെ കുഞ്ഞിന്റെ അമ്മയെ ഫോണിൽ വിളിച്ച പ്രതി അവർ കാരണമാണ് ഭാര്യ തന്റെയൊപ്പം താമസിക്കാത്തതെന്ന് ആരോപിച്ചിരുന്നു. 

രാത്രി പത്തരയോടെ പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നൽകി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.