ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഇതിനിടയിലാണ് സംഭവത്തിലെ മുഖ്യ പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ ഒരു യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെന്ന് അറസ്റ്റിലായവരില്‍ മുഖ്യപ്രതി മുഹമ്മദിന്‍റെ അമ്മ പറഞ്ഞു. 

29-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെയാണ് മകന്‍ വീട്ടിലെത്തിയത്. അവന്‍റെ മുഖത്ത് അസാധാരണമായ ഭാവമായിരുന്നു. ആരെയോ കൊന്നുവെന്ന് ഇടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. 'ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'- മകന്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 

കാണാതായ 27കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടോള്‍ ബൂത്തിനടുത്ത് ലോറി നിര്‍ത്തിയിട്ട ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയെ തീവെച്ച് കൊലപ്പെടുത്തിയ ലോറി ഡ്രൈവര്‍  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഓരോരുത്തരെയും അവരവരുടെ വീടുകളില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. 

സ്‌കൂട്ടറിന്‍റെ ടയറിന്റെ കാറ്റ് അഴിച്ച് വിട്ട ശേഷം സഹായ വാഗ്ദാനം നല്‍കി ഇവര്‍ വനിത ഡോക്ടറെ കെണിയില്‍ പെടുത്തുകയായിരുന്നു. വൈകുന്നേരം 6.15ന് യുവതി സ്‌കൂട്ടറില്‍ എത്തി അവിടെ വെച്ച് യുവതി മടങ്ങുന്നത് കണ്ടു. പിന്നീട് നാല് പേരും ചേര്‍ന്ന് സ്‌കൂട്ടറിന്റെ കാറ്റ് അഴിച്ച് വിട്ടു. രാത്രി ഒമ്പതിനാണ് യുവതി തിരികെ എത്തിയത്. തുടര്‍ന്ന് ഒരാള്‍ എത്തി സഹായിക്കാമെന്ന് പറഞ്ഞ് വാഹനം കൊണ്ടുപോയി.

മിനിറ്റുകള്‍ക്കുള്ളില്‍ തന്ന് കടകള്‍ എല്ലാം അടച്ചുവെന്ന് പറഞ്ഞ് തിരികെ എത്തി. ഈ സമയം യുവതി സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞു. പ്രതികളെ കണ്ട് ഭയം തോന്നുന്നുവെന്നും പറഞ്ഞു. 9.44ന് സഹോദരി തിരികെ വിളിച്ചപ്പോള്‍ യുവതിയുടെ ഫോണ്‍ ഓഫായിരുന്നു. വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാര്‍ക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.