കൊച്ചി: കൊവിഡ് ലോക്ഡൗണിനിടയിൽ വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ്. ചാരായം വാറ്റുന്നതിനിടെ ആലുവയിൽ മുൻ സൈനികനടക്കം നാലു പേര്‍ എക്സൈസ് സംഘത്തിൻറെ പിടിയിലായി. രണ്ട് ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ഇവരിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.
  
ഈസ്റ്റർ, വിഷു വിപണി ലക്ഷ്യമിട്ടായിരുന്നു വ്യാജ വാറ്റ്. മുൻ സൈനികനായ കേളപ്പൻറെ കീഴ്മാട് പാണ്ടൻ ചേരിയിലുള്ള വീടായിരുന്നു വാറ്റിനായി സംഘം ഉപയോഗിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം റൈഡിനെത്തുമ്പോള്‍ പ്രതികള്‍ വാറ്റ് ജോലിയിലായിരുന്നു. 

കേളപ്പന് പുറമേ സനിൽ കുമാർ, സുബ്രഹ്മണ്യൻ, രാജേഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെയെല്ലാം എക്സൈസ് ഉദ്യോഗസ്ഥര്‍ വീട് വളഞ്ഞ് പിടികൂടി. പ്രതികളെ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്പിൽ ഹാജരാക്കി. ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻറ് ചെയ്തു. 

ലോക്ഡൗണിൻറെ പശ്ചാത്തലത്തില്‍ മദ്യശാലകളടച്ചതോടെ ജില്ലയിൽ വ്യജവാറ്റ് സംഘങ്ങൾ സജീവമാണ്. ഇതിൻറെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് എക്സൈസ്. ഇന്നലെ ആലുവയിൽ നിന്നും 50 ലിറ്റർ വ്യാജ വിദേശ മദ്യം പിടിച്ചെടുത്തിരുന്നു.