വര്‍ക്കല:  എക്സൈസ് ഇൻസ്പെക്ടർ കാണിച്ച ജാഗ്രതയിൽ ജയിൽവാസത്തിൽ നിന്നും രക്ഷപ്പെട്ട് 84 വയസ്സുകാരൻ. ഭാര്യയും മകനും ചേർന്നാണ് അച്ഛനെ വ്യാജമദ്യക്കേസിൽ കുടുക്കാൻ ശ്രമിച്ചത്. വർക്കലയിൽ കഴിഞ്ഞ ദിവസം പുറത്തുവന്നത് അസാധാരണമായ കെണിയുടെ തെളിവുകൾ.

വർക്കല ചാവർക്കോട് സ്വദേശിയായ വിജയന് എക്സൈസ് ഇൻസ്പെകടർ മഹേഷിനോടുള്ളത് തീർത്താൽ തീരാത്ത നന്ദി. ഈയൊരു ഹസ്തനത്തിന് പിന്നിലുള്ളത് പ്രിയപ്പെട്ടവരുടെ കൊടും ചതിയുടെ കഥ.
കഴിഞ്ഞ വ്യാഴാഴ്ച ഗൾഫിൽ നിന്നും വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിന് വന്ന ഫോൺവിളിയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. 

വിജയന്‍റെ വീട്ടിന് പുറകിലെ ഒറ്റമുറിയിൽ വ്യാജമദ്യം സൂക്ഷിച്ചിരിക്കുന്നുവെന്നായിരുന്നു സന്ദേശം. പിറ്റേന്ന് ഫോട്ടം സഹിതം വീണ്ടും വിളി. അന്ന് തന്നെ മഹേഷും സംഘവും വീട്ടിലെത്തി പരിശോധന നടത്തി മദ്യം കണ്ടെത്തി, വിജയനെ കസ്റ്റഡിയിലെടുത്തു. പക്ഷെ മൊബൈലിലെത്തിയ ഫോട്ടോ എക്സൈസ് ഇൻസ്പെക്ടറുടെ സംശയം കൂട്ടി.

തീർന്നില്ല, വീട്ടിലെ സിസി ടിവി ദൃശ്യം കൂടി പരിശോധിച്ചതോടെ സംശയം സത്യമാണെന്ന് തെളിഞ്ഞു. മദ്യം കണ്ടെത്തിയ ഒറ്റമുറിസ്ഥലത്തേക്ക് പോകുന്നത് മകൻ ഇളയ മകൻ സജിനും വിജയൻറെ ഭാര്യ പ്രസന്നയും. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു, മദ്യം കൊണ്ടുവെച്ചത് താനാണെന്ന് സജീൻ സമ്മിതിച്ചു. അമ്മ സഹായിച്ചെന്നും വെളിപ്പെടുത്തി.

സ്വത്ത് തർക്കമാണ് അച്ഛനെ കുടുക്കാനുള്ള മകന്‍റെ നീക്കത്തിന്‍റെ കാരണം. ഇരട്ടസഹോദരിക്ക് അച്ഛൻ നൽകിയ സ്വത്തിന്‍റെ ഒരു ഭാഗം വേണമെന്ന സജീൻറെ ആവശ്യം വിജയൻ അംഗീകരിക്കാത്തതാണ് വൈരാഗ്യത്തിന് പിന്നിൽ. വിജയന്‍റെ നിരപരാതിത്വം വ്യക്തമായതോടെ സജീനിയെും പ്രസന്നയെയും എക്സൈസ് അറസ്റ്റ് ചെയ്തു.