Asianet News MalayalamAsianet News Malayalam

സകല നിയമങ്ങളെയും വെല്ലുവിളിച്ച് കള്ളത്തോക്ക് വിൽപന സംഘങ്ങൾ; ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

ഇന്ത്യയിൽ നിയമ വിരുദ്ധമായി തോക്ക് വാങ്ങാൻ ഡാർക്ക് വൈബ്ബിലേക്ക് കയറുകയോ അനധികൃത സെറ്റുകളിലേക്ക് പോകുകയോ വേണ്ട. ഫേസ്ബുക്കിൽ ഒന്നു പരതി നോക്കിയാൽ മതിയാകും

illegal gun sales abundant via social media most manufactured in bihar and up
Author
Delhi, First Published Aug 6, 2021, 8:49 AM IST

ദില്ലി: കോതമംഗലത്ത് മാനസയെ വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ച കള്ളത്തോക്ക് എത്തിയത് ബീഹാറിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യഥാർത്ഥത്തിൽ കള്ളത്തോക്കുകളുടെ വലിയൊരു വിപണിതന്നെ നമ്മുടെ രാജ്യത്തുണ്ട്. പതിനായിരം രൂപ നൽകിയാൽ കള്ളത്തോക്ക് വീട്ടിലെത്തും. പൊലീസിനും നിയമത്തിനും പുല്ലുവില കൽപ്പിച്ച് ഫേസ്ബുക്ക് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിൽപന. കോതമംഗലത്തെ അരുംകൊലയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കള്ളത്തോക്ക് കച്ചവടം ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു.

ഇന്ത്യയിൽ നിയമ വിരുദ്ധമായി തോക്ക് വാങ്ങാൻ ഡാർക്ക് വൈബ്ബിലേക്ക് കയറുകയോ അനധികൃത സെറ്റുകളിലേക്ക് പോകുകയോ വേണ്ട. ഫേസ്ബുക്കിൽ ഒന്നു പരതി നോക്കിയാൽ മതിയാകും. ഉത്തരേന്ത്യയിൽ പ്രചാരമുള്ള നാടൻ തോക്കായ ദേശിഘട്ട മുതൽ 9 എംഎം റിവോൾവർ വരെയാണ് ഇങ്ങനെ നിയമവിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഇവയിൽ കൂടുതലും ബീഹാറിലെ മുംഗാർ, രാജസ്ഥാനിലെ അൽവാർ, യുപിയിലെ മൊറാദാബാദ്, മീററ്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ കണ്ണികളെന്ന് ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വ്യക്തം. 

ഈ പരസ്യങ്ങളിൽ കണ്ട നമ്പറുകളിൽ ചിലതിൽ ഞങ്ങൾ ബന്ധപ്പെട്ടു. എത്തിയത് ബീഹാറിലെ മുംഗറിൽ. ഏത് തരം തോക്കും കിട്ടും. മോഡൽ മാറുന്നത് അനുസരിച്ച് വിലയും കൂടും. 5,000 രൂപ മുതൽ 35,000 രൂപ വരെ. നേരിട്ട് എത്തി വാങ്ങാം അതെല്ലെങ്കിൽ നൽകുന്ന അഡ്രസിൽ ഇവരുടെ സംഘങ്ങൾ എത്തിക്കുമെന്ന് ഉറപ്പ്, ഇതിനായുള്ള പണം മൂൻകൂറായി നൽകണം. തോക്കിന്റെ മോഡൽ കാണാണമെന്ന് അറിയിച്ചതോടെ വാടസ്ആപ്പിൽ വീഡിയോ കോൾ എത്തി.

യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ സംഘങ്ങളുടെ ആയുധവിൽപന. ആഭ്യന്തരസുരക്ഷക്ക് അടക്കം ഭീഷണിയാകുന്ന ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളും ശക്തമല്ല എന്നത് ഇതിൽ നിന്ന് വ്യക്തം.

ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായതിനായിൽ ഇത് വാങ്ങാൻ ഞങ്ങൾ മുതിരുന്നില്ല, മാനസയുടെ കൊലപാതകിക്ക് എവിടെ നിന്ന് തോക്കു കിട്ടിയെന്ന് അന്വേഷണം കേരള പൊലീസ് വ്യാപിപ്പിക്കുമ്പോൾ ഇങ്ങനെയും ചില യഥാർത്ഥ്യങ്ങൾ ഉണ്ടെന്ന് തുറന്ന് കാട്ടാനാണ് ഈ ശ്രമം. 

Follow Us:
Download App:
  • android
  • ios