Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ ഡ്രോണ്‍ ക്യാമറയില്‍ കണ്ടത് നിരവധിയാളുകള്‍ പങ്കെടുത്ത പൂജ; പൂജാരിക്കെതിരെ കേസ്

ലോക്ഡൗണില്‍ നിരോധനാജ്ഞ ലംഘിച്ച് മൂന്നാറില്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ പൂജാരിക്കെതിരെ പൊലീസ് കേസെടുത്തു.
 

injunction was violated case against priest in munnar
Author
Munnar, First Published Apr 8, 2020, 1:10 AM IST

ദേവികുളം: ലോക്ഡൗണില്‍ നിരോധനാജ്ഞ ലംഘിച്ച് മൂന്നാറില്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ പൂജാരിക്കെതിരെ പൊലീസ് കേസെടുത്തു. ഡ്രോണ്‍ പരിശോധനയിലാണ് പൂജ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വനത്തിലൂടെ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ടോ എന്നറിയാനായിരുന്നു ഡ്രോണ്‍ പരിശോധന.

മൂന്നാര്‍ ഗുണ്ടള എസ്റ്റേറ്റിലെ ക്ഷേത്രത്തിലായിരുന്നു പൂജ. നിരവധിയാളുകളും പൂജയ്ക്ക് എത്തിയിരുന്നു. പൊലീസെത്തി ആളുകളെ ഒഴിപ്പിച്ച ശേഷം പൂജാരിക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നും ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 14 വരെ ഈ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഡ്രോണ്‍ പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വനത്തിലൂടെ അനധികൃതമായി അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ നാല് പേരെ പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി.

മൂന്നാര്‍ ടോപ്‌സ്റ്റേഷന്‍, വട്ടവട, പഴത്തോട്ടം, കോവിലൂര്‍ എന്നിവിടങ്ങളില്‍ വനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് നിരവധി വഴികളുണ്ട്. പ്രധാന പാതകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കാട്ടുവഴിയിലൂടെ ആളുകള്‍ പോകുന്നത് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ പരിശോധന തുടങ്ങിയത്. രാത്രിയിലും പരിശോധന കര്‍ശനമാക്കിയെന്നും വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios