മറ്റൊരു കേസിൽ നീരജയുടെ കൊലപാതകത്തിൽ ആസൂത്രണത്തിൽ പങ്കാളിയായ രൂപേഷിന്റ സുഹൃത്ത് പിടിയിലായി. ചോദ്യം ചെയ്യലിൽ ഇയാളുടെ ചില മൊഴികളിൽ നിന്നാണ് മരണത്തേക്കുറിച്ച് അന്വേഷണം നടക്കുന്നത്
താനെ: ഭാര്യയെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ മൂന്ന് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷം കണ്ടെത്തിയ മുംബൈയിലെ ബദ്ലാപൂർ പൊലീസാണ് രൂപേഷ് എന്ന നാൽപതുകാരനെ അറസ്റ്റ് ചെയ്തത്. നീരജ രൂപഷ് അംബേക്കർ എന്ന യുവതിയാണ് 2022 ജൂലൈ 10 ന് ബദ്ലാപൂരിൽ മരിച്ചത്. അപകട മരണം എന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ദൃക്സാക്ഷികളിൽ രണ്ട് പേരുടെ മൊഴികളിലെ വൈരുധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യയുമായുള്ള തർക്കങ്ങൾ പതിവായതോടെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ പദ്ധതിയിലാണ് നീരജ മരണപ്പെടുന്നത്. റിഷികേശ് രമേശ് ചൽകേ, കുനാൽ വിശ്വനാഥ് ചൗധരി എന്ന സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നീരജയുടെ ഭർത്താവ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. പരിചയമുള്ള പാമ്പ് പിടുത്തക്കാരനായ ചേതൻ വിജയ് ദുതനിൽ നിന്നും വിഷപ്പാമ്പിനെ വാങ്ങിയ ശേഷം നീരജയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു.
ആർക്കും സംശയം തോന്നാത്ത 'സ്വാഭാവിക മരണം'
രൂപേഷിന്റെ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വിശദമാക്കുന്നത്. തലച്ചോറിൽ രക്തസ്രാവമുണ്ടായി ഭാര്യ മരിച്ചുവെന്നായിരുന്നു രൂപേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. കാൽ മസാജ് ചെയ്ത് നൽകുന്നതായി ധരിപ്പിച്ച് മൂന്ന് തവണയാണ് നീരജയെ പാത്രത്തിൽ കരുതിയിരുന്ന പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. വിഷബാധയേറ്റ് സംഭവ സ്ഥലത്ത് വച്ചുതന്നെ നീരജ മരിച്ചു. സംഭവം തലച്ചോറിലെ രക്ത സ്രാവം പോലെയാക്കുന്നതിലും രൂപേഷ് വിജയിച്ചിരുന്നു.
സംഭവത്തേക്കുറിച്ച് ആർക്കും സംശയം തോന്നിയതുമില്ല. എന്നാൽ മറ്റൊരു കേസിൽ രൂപേഷിന്റ സുഹൃത്തും നീരജയുടെ കൊലപാതകത്തിൽ ആസൂത്രകനുമായിരുന്ന റിഷികേശ് രമേശ് ചൽകേ പിടിയിലായി. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച ചില സൂചനകളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നീരജയുടെ മരണത്തിലെ അസ്വാഭാവികത പുറത്ത് വന്നത്. ഇതിന് പിന്നാലെ നീരജയുടെ കൊലപാതകത്തിൽ എഫ്ഐആർ രേഖപ്പെടുത്തി. നീരജ മരിച്ച മൂന്ന് വർഷമാകുന്ന സമയത്താണ് മരണത്തിന്റെ സത്യാവസ്ഥ പുറത്ത് വരുന്നത്.


