താനെ : നെഞ്ചിലെ ആ പാടുകള്‍ തെളിവായി ഏറെ നാളായി പൊലീസ് തിരഞ്ഞ പീഡനക്കേസ് പ്രതി പിടിയില്‍. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്പത് വയസ്സുകാരിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് നാല്‍പ്പത്തിയെട്ടുകാരന്‍ പിടിയിലായത്. മഹാരാഷ്ട്ര താനയിലെ ഉല്ലാസ്നഗര്‍ സ്വദേശിയായ സഖന്‍ ദേവ്‍കറിനെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ പിടികൂടിയത്.

ഈ വര്‍ഷം ജൂണ്‍ 23ന് അമ്പത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഇയാളുട നെഞ്ചില്‍ ഉണങ്ങാതെ കിടന്ന പല്ലിന്‍റെ പാടുകളാണ്. ഉല്ലാസ്നഗര്‍ സ്വദേശിനിയായ അമ്പതുവയസ്സുകാരിയാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലായ ഇവര്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് കുഴങ്ങുകയായിരുന്നു.

സംഭവം നടന്ന പ്രദേശത്തെ സിസിടിവിയില്‍ പീഡനം നടന്ന സമയത്ത് കടന്നുപോയ ആളുകളെ കണ്ടെത്തി പൊലീസ് രഹസ്യമായി നിരീക്ഷിക്കുകയും സംശയം തോന്നിയ ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല. അതിനിടയിലാണ് ലഖന്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. നെഞ്ചിലേറ്റ മുറിവിനായിരുന്നു ഇയാള്‍ ചികിത്സ തേടിയത്. ഏറെ നാളുകളായി ഉണങ്ങാത്ത മുറിവ് എങ്ങെ സഭവിച്ചുവെന്നതിനേക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഇയാള്‍ തയ്യാറാവാതിരുന്നതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി കാര്യങ്ങള്‍ തിരക്കുന്നതിന് ഇടയിലാണ് ഇയാളും പീഡനം നടന്ന സമയത്ത് സംഭവം നടന്ന സ്ഥലത്ത് കൂടി കടന്നുപോയത് പൊലീസ് ശ്രദ്ധിക്കുന്നത്. പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പീഡനശ്രമം ചെറുക്കുന്നതിനിടയില്‍ സ്ത്രീ നെഞ്ചില്‍ കടിച്ച്മുറിക്കുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.