കണ്ണൂര്‍: കണ്ണൂരിൽ യുവാവിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് പെണ്‍കുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറ്ററിംഗ് സ്ഥാപന ഉടമയായ ഷെനിർന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് പെണ്‍കുട്ടികൾക്ക് മെസേജുകൾ പോയത്. പരിചയക്കാരായ സ്ത്രീകൾ അറിയിച്ചപ്പോഴാണ് യുവാവ് സംഭവം അറിയുന്നത്.

മുപ്പതോളം സ്ത്രീകൾക്കാണ് അശ്ലീല സന്ദേശങ്ങൾ എത്തിയത്. മലയാളത്തിലായിരുന്നു സന്ദേശങ്ങൾ. താൻ ഉറങ്ങിയതിന് ശേഷമാണ് മെസേജുകൾ പോയതെന്നും, മെസേജ് കിട്ടിയ ചില സുഹൃത്തുക്കൾ ഫോണ്‍ വിളിച്ചു പറയുമ്പോഴാണ് സംഭവമറിഞ്ഞതെന്നും ഷാനിർ പറയുന്നു.

സംഭവത്തില്‍ സൈബർ സെല്ലിനും കണ്ണൂർ ഡിവൈഎസ്പിക്കും പരാതി കൊടുത്തിട്ടുണ്ട്. തുടര്‍ന്ന് ഷാനിർന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അതോറിറ്റിക്ക് പരാതി ഫോർവേഡ് ചെയ്തതായി പൊലീസ് അറിയിച്ചു.