ചെന്നൈയില്‍ ഒളിവില്‍ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം കവര്‍ച്ച നടത്തി പിടിയിലാകുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നു. 

കോഴിക്കോട്: നിരവധി ഭവനഭേദന കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് (Thief) പിടിയിലായി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷി (Tension suresh-40) നെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പൊലീസും പിടികൂടിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നാലും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം ഷോപ്പുകള്‍ പൊളിച്ച ശേഷം ചെന്നൈയില്‍ ഒളിവില്‍ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം കവര്‍ച്ച നടത്തി പിടിയിലാകുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നു. വയനാട് ജില്ലയിലെ രണ്ട് വീടുകളില്‍ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പന കേസിലേയും പ്രതിയാണ്.ക ൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം രാത്രി കസബ ഇന്‍സ്‌പെക്ടര്‍ എം. പ്രജീഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

കസബ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത് കോഴിക്കോട് സിറ്റി കാവല്‍ സ്‌ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ അബ്ദുള്‍ റഹിമാന്‍, കെ പി മഹീഷ്, എം ഷാലു, മഹേഷ് പൂക്കാട്, സി കെ സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഒന്നര മാസത്തിനിടയില്‍ മുപ്പതിലധികം പിക് അപ്പ് വാനുകള്‍ മോഷ്ടിച്ചു പ്രതി അറസ്റ്റില്‍

കുറ്റിപ്പുറം: വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ സുന്ദരപുരം കാമരാജ് നഗര്‍ സ്വദേശി ശമീറി (42)നെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട പിക് അപ് മോഷ്ടിച്ചയാളെയാണ് ആലത്തൂര്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കവെ വാളയാര്‍ ഭാഗത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 30ലധികം പിക് അപ്പുകള്‍ ഒന്നര മാസത്തിനിടയില്‍ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടക്കുന്നതിനിടക്കാണ് കഴിഞ്ഞ ദിവസം രാത്രി ചോലവളവിലെ സ്ഥാപനത്തില്‍ നിന്ന് വാഹനം മോഷണം പോയത്. സമീപ ജില്ലകളിലെ പൊലീസുമായി സഹകരിച്ച് തിരച്ചില്‍ നടത്തുന്നതിനിടെ ആലത്തൂരില്‍ നിന്നും വാഹനം കളവ് പോയതായി വിവരം ലഭിച്ചിരുന്നു. പാലക്കാട് പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മോഷണവാഹനവുമായി ഇയാള്‍ പിടിയിലായത്. ഇതോടെ സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.