തൃശ്ശൂർ: ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതികളെ, ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തലശേരി സ്വദേശി വിബിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇരുവരും ചേർന്ന് 15ഓളം ബാങ്കുകളെയാണ് കബളിപ്പിച്ചത്.

ഗുരുവായൂരിലെ ഐ.ഒ.ബി ബാങ്ക് മാനേജർ സുധയുടെ 95 പവനും 25ലക്ഷവും തട്ടിയെടുത്തെന്ന പരാതിയിൽ കഴിഞ്ഞ മാസം 27നാണ് ശ്യാമളയെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഇവർ വാടകക്ക് താമസിച്ചിരുന്ന വീട് വളഞ്ഞ് അമ്മയെ പിടികൂടിയെങ്കിലും, വിബിൻ രക്ഷപ്പെട്ടു. നവംബർ ഏഴിന് പാലക്കാട് ചിറ്റൂരിൽ നിന്നാണ് വിബിൻ പിടിയിലായത്. ഇയാൾ നേരത്തെ തട്ടിപ്പ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ചാവക്കാട്ടെ കൊടാക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, രാധാകൃഷ്ണ ഫിനാൻസ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ഇരുവരെയും നാല് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസയമം വിബിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചു കൂടുതൽ പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. എറണാകുളം പാലാരിവട്ടം പോലീസും വിബിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.