Asianet News MalayalamAsianet News Malayalam

ചില്ലറ ചോദിച്ചെത്തി കടയിൽ നിന്ന് പണം മോഷ്ടിച്ച ഇറാൻ സ്വദേശികൾ അറസ്റ്റിൽ

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഫെബ്രുവരി  ഒന്നിനാണ് ദില്ലിയിൽ നിന്ന് കർണാടകയിലെത്തിയതെന്ന് ബെംഗളൂരു ആർ എം സി യാർഡ് പൊലീസ് പറയുന്നു.

Iran citizens arrested for stealing money from shop
Author
Bengaluru, First Published Feb 10, 2020, 5:31 PM IST

ബെംഗളൂരു : ചില്ലറ ചോദിച്ചെത്തി കടക്കാരന്‍റെ ശ്രദ്ധ തിരിച്ച് പണം മോഷ്ടിച്ച കേസിൽ രണ്ട് ഇറാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയുടെ  പരാതിയെ തുടർന്നുളള അന്വേഷണത്തിൽ ടെഹ്റാൻ സ്വദേശികളായ സയ്യീദ് റോസ്തമി (26) ,സാബേർ ഹുസൈൻ (35) എന്നിവരാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഫെബ്രുവരി  ഒന്നിനാണ് ദില്ലിയിൽ നിന്ന് കർണാടകയിലെത്തിയതെന്ന് ബെംഗളൂരു ആർ എം സി യാർഡ് പൊലീസ് പറയുന്നു. ആർ എം സി യാർഡിലുളള ട്രൈഡന്‍റ് ഓട്ടോ മൊബൈൽസിലെത്തിയ സംഘം കടയുടമയോട് 2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെടുകയായിരുന്നു.

സംഘത്തിൽപ്പെട്ട ഒരാൾ ചില്ലറയ്ക്കു നൽകാനായെടുത്ത പണം താഴെയിടുകയും കടയുടമ കുനിഞ്ഞു പണമെടുക്കുന്ന തക്കത്തിനു ക്യാഷ് ബോക്സിലുണ്ടായിരുന്ന പണവുമായി മുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചില്ലറയില്ലെന്നറിയിച്ചതിനെ തുടർന്ന് ഇരുവരും കടയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷമാണ്  40000 രൂപ നഷ്ടപ്പെട്ടതായി കടയുടമയറിയുന്നത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇരുവരും പണവുമായി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിനെ തുടർന്ന് മറ്റ് കാർ ഷോറൂമുകളിലേയ്ക്കും സർവീസ് സെന്‍ററുകളിലേക്കും സിസിടിവി ദൃശ്യങ്ങൾ അയക്കാൻ പൊലീസ് കടയുടമക്ക് നിർദേശം നൽകുകയും ചെയ്തു. ഫെബ്രുവരി ആറിന് സംഘം ബെല്ലാരി റോഡിലെ കാവേരി ജംങ്ഷനിലുള്ള ഷോറൂമിലെത്തിയപ്പോൾ ഇരുവരെയും തിരിച്ചറിഞ്ഞ കടയുടമകൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios