കൊല്ലം: കുണ്ടറയില്‍ കടയിൽ നിന്ന് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഇറാനിയൻ ദന്പതികൾ റിമാൻഡില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന , ദില്ലി രജിസ്ട്രേഷനിലുള്ള കാർ പൊലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസമാണ് കുണ്ടറ ചന്ദനത്തോപ്പിലെ അബ്ദുൾ വഹാബിന്‍റെ കടയിലെത്തിയ ഇറാൻ ദന്പതികളായ ആമിര്‍ കാമിയാബിയും ഭാര്യ നസ്റിൻ കാമിയാബിയും സോപ്പ് വാങ്ങി. തുടര്‍ന്ന് 2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു. അബ്ദുൾ വഹാബ് പേഴ്സില്‍ നിന്ന് പണം എടുക്കുന്നതിനിടെ അത് തട്ടിപ്പറിച്ചശേഷം ഇറാൻ ദന്പതികൾ ഓടിയെന്നാണ് പരാതി. പിന്നാലെ ഓടിയ നാട്ടുകാര്‍ ഇരുവരേയും പിടകൂടി പൊലീസില്‍ ഏൽപ്പിച്ചു.

ഇവരുടെ യാത്രാ രേഖകള്‍ പൊലീസ് വിശദമായി പരിശോധിച്ചു. പാസ്പോർട്ടും യാത്രാ രേഖകളും വ്യാജമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കാറില്‍ നിന്ന് യുഎസ് ഡോളറും പലചരക്ക് സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയില്‍ ചികില്‍സക്കെത്തിയ ശേഷം സുഹൃത്തിന്‍റെ കാറില്‍ സ്ഥലങ്ങൾ കാണുന്നതിനായി വന്നതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

റിമാന്‍ഡ് ചെയ്ത ഇരുവരയേും കൂടുതല്‍ അന്വേഷണങ്ങൾക്കായി കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം.