തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും ഇരുട്ടിൽത്തപ്പി പൊലീസ്. ഈസ്റ്റ് കോമ്പാറ സ്വദേശി ആലീസിനെയാണ് ഒരുവര്‍ഷം മുമ്പ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൊലയാളിയെ പിടികൂടാനായില്ല

2019 നവംബർ 14 നാണ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്. പരേതനായ പോൾസന്റെ ഭാര്യയായ ആലീസ് സംഭവ ദിവസം പള്ളിയിൽ പോയ ശേഷം രാവിലെ 8.30 ഓടു കൂടിയാണ് വീട്ടിലെത്തിയത്. 10 മണിക്കും 12 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. കഴുത്ത് മുറിച്ചത് പ്രൊഫഷണൽ രീതിയിലായിരുന്നു. 

പ്രദേശത്ത് കർട്ടൻ വിൽക്കാനായി ഒരു ഇതര സംസ്ഥാന തൊഴിലാളി എത്തിയതിനാൽ ആ വഴിക്കും അന്വേഷണം തുടർന്നു. കൊലപാതകം നടന്ന വീട്ടിൽ ക്യാംപ് ചെയ്ത പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുടയിലേയും പരിസരത്തെയും ഇതര സംസ്ഥാന തൊഴിലാളികളെ ചേദ്യം ചെയ്തു. പത്ത് ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്തുവെങ്കിലും തെളിവൊന്നും കിട്ടിയില്ല. 

കവർച്ചാശ്രമത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആലീസിന്റെ ശരീരത്തിൽ നിന്ന് വളകൾ മോഷണം പോയിട്ടുണ്ട്. എന്നാൽ അലമാരയിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടില്ല. ആരെങ്കിലും വരുന്നതായി കരുതി കൊലയാളി രക്ഷപ്പെട്ടതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

നിലവിൽ പൊലീസും ക്രൈം ബ്രാഞ്ച് ഉദ്യാഗസ്ഥുമടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിചേക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആലീസിന്റെ ഓർമ്മ ദിവസമായ ശനിയാഴ്ച പൊലീസിനെതിരെ പ്രതിഷേധ പരിപാടി നടത്താൻ ഒരുങ്ങുകയാണ് നാട്ടുകാരും കുടുംബവും.