ഗാസിയാബാദ്: നാലുവയസ്സുകാരിയായ മകള്‍ നിര്‍ത്താതെ കരഞ്ഞതില്‍ ക്ഷുഭിതനായ യുവാവ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കേസില്‍ 28കാരനായ വസുദേവ് ഗുപ്തയെന്നയാളെ അറസ്റ്റ് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മകളുടെ മൃതദേഹവുമായി ഓട്ടോറിക്ഷയില്‍ ഭാര്യയെ തേടി അലയവെയാണ് നോയിഡയില്‍വെച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. സുല്‍ത്താന്‍പുര്‍ സ്വദേശിയായ വസുദേവ് ഗുപ്ത, കുറച്ചുകാലമായി ഖോഡയില്‍ വാടകവീട്ടിലാണ് ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം താമസിക്കുന്നത്.

ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ഭാര്യ നോയിഡയിലെ ഒരു സ്പായില്‍ ജോലി ചെയ്യുകയാണ്. മൂന്ന് ആഴ്ച മുമ്പ് മകനെയുമെടുത്ത് ഭാര്യ പിണങ്ങിപ്പോയി. പിന്നെ മകളുമൊത്ത് ഒറ്റക്കാണ് ഇയാളുടെ താമസം. കഴിഞ്ഞ ദിവസം മകള്‍ നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ദേഷ്യം വന്നപ്പോള്‍ കഴുത്ത് ഞെരിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംശയം തോന്നിയ സഹോദരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. ടവ്വലില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ഓട്ടോയില്‍ സൂക്ഷിച്ചിരുന്നത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.