കോഴിക്കോട്: ഡിആര്‍ഡിഓ ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യം. ദില്ലിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തതായും യുവജനതാദള്‍ ആരോപിച്ചു. 

പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ എന്ന പേരിലാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അരുണ്‍ പി രവീന്ദ്രന്‍ തട്ടിപ്പ് നടത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായി ആരോപിച്ച് കൊടുവളളി സ്വദേശികള്‍ നല്‍കിയ പരാതികളെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇയാള്‍ക്കെതിരെ തിരൂര്‍ പൊലീസും സമാനമായ കേസുണ്ട്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് യുവജനതാ ദള്‍ ആരോപിച്ചു. ബിജെപി നേതാക്കളടക്കം ഉന്നതരുമായി ബന്ധമുളള അരുണ്‍ ഡിആര്‍ഡിഓ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എവിടിയെല്ലാം തട്ടിപ്പ് നടത്തി എന്നതിനെക്കുറിച്ച് എന്‍ഐഎ അന്വേഷണിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കൊടുവളളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ അരുണ്‍ നിലവില്‍ കോഴിക്കോട് ജില്ലാ ജയിലിലാണുളളത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഘട്ടത്തില്‍ ഐബി ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ വിവിധയിടങ്ങളിലായി തട്ടിപ്പ് നടത്തിയതായി വിവരമുണ്ടെന്നും ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായും കൊടുവളളി പൊലീസ് അറിയിച്ചു.