കോഴിക്കോട്: ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്തി. മൂന്ന് വനിതാ വാർഡൻമാരാണ് കോഴിക്കോട് ജില്ലാ ജയിലിൽ ജോളിയെ നിരീക്ഷിക്കാനുണ്ടാവുക. ആരോടും മിണ്ടാതെ, ഇടപഴകാതെ, ചോദിച്ചതിന് വ്യക്തമായ ഉത്തരം പോലും തരാതെയാണ് ജോളി ജയിലിൽ കഴിയുന്നത്. പ്രത്യേക വാർഡിലാണ് നിലവിൽ ജോളിയെ പാർപ്പിച്ചിരിക്കുന്നത്. 

അതേസമയം, പൊന്നാമറ്റത്ത് തറവാട് പൂട്ടി സീൽ വയ്ക്കുന്നതിന് മുമ്പ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു വീട്ടിൽ നിന്ന് സാധനങ്ങളെല്ലാം എടുത്ത് മാറ്റി. സാധനങ്ങളെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനാണ് മാറ്റുന്നതെന്നാണ് ഷാജു മാധ്യമങ്ങളോട് പറഞ്ഞത്. ജോളി കസ്റ്റഡിയിലാകുന്നതിന് തലേന്ന് താൻ സ്വന്തം വീട്ടിലായിരുന്നുവെന്നാണ് ഷാജു പറയുന്നത്. പിറ്റേന്നാണ് പൊന്നാമറ്റത്തേയ്ക്ക് തിരികെ എത്തിയത്. താനവിടെ എത്തി കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് ജോളിയെ പൊലീസ് കൊണ്ടുപോകുന്നത്.

അപ്പോഴും ജോളിയെ അറസ്റ്റ് ചെയ്യുമെന്നോ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നോ തനിക്ക് അറിയുമായിരുന്നില്ല. ചോദ്യം ചെയ്തിട്ട് തിരികെ വിടുമെന്നാണ് കരുതിയത്. ഉച്ചയ്ക്ക് കൊണ്ടുപോകാൻ ഭക്ഷണം കരുതണം, കൊണ്ടുപോകണം എന്നൊക്കെ ജോളി പറ‍ഞ്ഞു. വല്ലാത്ത ടെൻഷനിലായിരുന്നു. ടെൻഷനാകുന്നുണ്ട് എന്ന് ആവർത്തിച്ച് ജോളി പറഞ്ഞുകൊണ്ടിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു. 

പൊന്നാമറ്റത്ത് തറവാട്ടിൽ ഇന്നലെ ടോം തോമസിന്‍റെ സ്വത്തുക്കൾ ഭാഗം വച്ച് അതിന്‍റെ റജിസ്ട്രേഷൻ നടക്കാനിരിക്കുകയായിരുന്നു. ആ സമയത്താണ് ജോളി കസ്റ്റഡിയിലെടുക്കപ്പെടുന്നതും പിന്നീട് അറസ്റ്റിലാവുന്നതും. ജോളിയ്ക്കാണ് പൊന്നാമറ്റം വീട് അടക്കം ഇരിയ്ക്കുന്ന 38 സെന്‍റ് സ്ഥലം എന്നാണ് ആദ്യം ധാരണയായിരുന്നത്. റജിസ്ട്രേഷൻ നടന്നിരുന്നെങ്കിൽ സ്വന്തമാകുമായിരുന്ന വീട്ടിൽ നിന്ന് അറസ്റ്റിലാകാനായിരുന്നു ജോളിയുടെ വിധി. 

ഇതിന് പിന്നാലെ ഷാജുവിനെയും തുടർച്ചയായി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. പക്ഷേ, ഷാജുവിന്‍റെ മൊഴികൾ ഇതിൽ പൂർണമായും വിശ്വസിക്കാനാകില്ലെന്നാണ് അയൽവാസിയായ ബാവ പറയുന്നത്.

'ആദ്യമേ സംശയമുണ്ടായിരുന്നു'

പൊന്നാമറ്റത്ത് വീട്ടിൽ തുടർച്ചയായി വർഷങ്ങളുടെ ഇടവേളകളിൽ മരണം നടക്കുന്നതിൽ ആദ്യമേ സംശയം തോന്നിയിരുന്നുവെന്നാണ് അയൽവാസി ബാവ പറയുന്നത്. ഇത് ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ സഹോദരൻ റോജോയുമായും സഹോദരി റഞ്ജിയുമായും പങ്കുവച്ചിരുന്നു. അന്ന് പക്ഷേ ആരും ഇവർക്കൊപ്പമുണ്ടായിരുന്നില്ല, നാട്ടുകാരും, വീട്ടുകാരും, ഇടവകക്കാരും - ബാവ പറയുന്നു. 

''മരണങ്ങൾ ആ വീട്ടിൽ തുടർച്ചയായപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നതാണ്. മരിച്ച ആ സമയത്തല്ല, പിന്നീട് മരണങ്ങളെല്ലാം ചേർത്ത് വയ്ക്കുമ്പോൾ നല്ല സംശയമുണ്ടായിരുന്നു. പിന്നീട് എല്ലാം കൂട്ടി വായിക്കുമ്പോൾ സംശയം ശക്തമായി. ഇതൊക്കെ ഞാൻ റെഞ്ജിയോടും റോജോയോടും പറഞ്ഞിരുന്നതാണ്. എന്നാൽ ഒരു പരാതി കൊടുക്കും മുമ്പ് ഇതൊന്നും തിരിച്ചടിക്കരുതെന്നും, തിരികെ വരരുതെന്നും, നെഗറ്റീവാകരുതെന്നും ഞങ്ങളുറപ്പിച്ചിരുന്നു. അവരുടെ കൂടെ ആരും ഇല്ലായിരുന്നു. ബന്ധുക്കളോ, നാട്ടുകാരോ, ഇടവകക്കാരോ ആരും അവരുടെ കൂടെയില്ലായിരുന്നു. ഇന്നലെ ഷാജു മൊഴി കൊടുത്തത്, അതിൽ 90 ശതമാനവും വിശ്വസനീയമല്ല. റോയിച്ചായൻ മരിച്ച് പിറ്റേന്ന്, എന്‍റെ കൂട്ടുകാരെയും റോയിച്ചായന്‍റെ കൂട്ടുകാരെയും ചേച്ചി നേരിട്ടാണ് മരണവിവരം വിളിച്ച് പറയുന്നത്. സ്വത്ത് കാരണം തന്നെയാണ് കാര്യങ്ങൾ മരണങ്ങളിലേക്ക് പോയതെന്നാണ് ഞാൻ കരുതുന്നത്. ഓരോ മരണങ്ങളും ഓരോ ആവശ്യത്തിന് വേണ്ടിയാണ് അവർ ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും ഇതിന് പിന്നിൽ പല വ്യക്തികളുമുണ്ട്. അവരുടെ കൂടി അറിവോടെയാണ് ഇതൊക്കെ നടന്നതെന്നാണ് കരുതുന്നത്. അതൊക്കെ ഇനി അന്വേഷണത്തിൽ കണ്ടെത്തേണ്ട കാര്യങ്ങളാണ്'', ബാവ പറയുന്നു.