തൊടുപുഴ: മാധ്യമപ്രവ‍ർത്തകന് അക്രമി സംഘത്തിന്‍റെ ക്രൂരമർദ്ദനം. ജനയുഗം ലേഖകൻ ജോമോൻ വി. സേവ്യറിനാണ് മർദ്ദനമേറ്റത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ജോമോൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കരിമണ്ണൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജോമോന് മർദ്ദനമേറ്റത്. വാഹനം ഓ‍വർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് വഴിയിൽ കാർ, ബൈക്ക് യാത്രികർ തമ്മിൽ സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഇതറിയാതെ ഈ വഴി വന്ന ജോമോനെ അക്രമി സംഘം മ‍ർദ്ദിക്കുകയായിരുന്നു. 

അക്രമി സംഘത്തിലെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘത്തിലെ മുഴുവൻ പേരെയും ഉടൻ പിടികൂടണമെന്ന് പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം ആവശ്യപ്പെട്ടു.