Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകനെ സ്ക്രൂഡ്രൈവറുകൊണ്ട് കൊലപ്പെടുത്തി ക്വാറിയില്‍ തള്ളി പൊലീസുകാര്‍

നന്തിയാല്‍ ടൗണ്‍ പൊലീസിന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും മാഫിയ ബന്ധങ്ങളെക്കുറിച്ചും വാര്‍ത്താപരമ്പര ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

Journalist killed for exposing illegal activities of policeman in Kurnool
Author
Kurnool, First Published Aug 11, 2021, 12:27 AM IST

കര്‍ണൂല്‍: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി.പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം. ഒളിവില്‍ പോയ പൊലീസുകാര്‍ക്കായി തെരച്ചില്‍ തുടങ്ങി.

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ നന്തിയാലിലാണ് നടുക്കുന്ന സംഭവം. നന്തിയാല്‍ ടൗണ്‍ പൊലീസിന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും മാഫിയ ബന്ധങ്ങളെക്കുറിച്ചും വാര്‍ത്താപരമ്പര ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. പ്രദേശിക ടിവി ചാനലായ ഇവി5ന്‍റെ റിപ്പോര്‍ട്ടറായ ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 

വാര്‍ത്താ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കാനെന്ന് പറഞ്ഞാണ് ഞയറാഴ്ച വൈകിട്ട് ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചത്. പൊലീസുകാരായ വെങ്കട്ട് സുബയ്യ, കിഷന്‍ എന്നിവര്‍ ചേര്‍ന്ന് കേശവലുവിനെ സ്റ്റേഷനിലിട്ട് മര്‍ദിച്ചു. ഖനി ഉടമകളായ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി സ്വകാര്യ വാനില്‍ സമീപത്തെ ഗോഡൗണില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 

സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ മൃതദേഹം തള്ളി. ഞയറാഴ്ച മുതല്‍ കാണാതായ മാധ്യമപ്രവര്ഡത്തകന്‍റെ മൃതദേഹം പലര്‍ച്ചയോടെ കണ്ടത്തി. രാജ്യാന്തര മാധ്യമസംഘടനയായ ഇന്‍റര്‍നാഷണല്‍ പ്രെസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെ കര്‍ണൂല്‍ എസ്പി സുധീപ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പൊലീസുകാരും സുഹൃത്തുക്കളും ഒളിവിലാണ്. കൊലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios