അമ്പലപ്പുഴ: പുന്നപ്ര  പറവൂരിലെ മനുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് പനയ്ക്കല്‍ വീട്ടില്‍ ലൈറ്റെന്ന ഗുണ്ടാപേരില്‍ അറിയപ്പെടുന്ന വിപിനാണ് (ആന്റണി സേവ്യര്‍-24) പിടിയിലായത്. ഇയാള്‍ വീട്ടില്‍ എത്തിയെന്നവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു. 

മനുവിനെ വിപിൻ കാറ്റാടി തടികൊണ്ട് തലക്കടിച്ചതായാണ് വിവരം. ഇയാള്‍ ഉപയോഗിച്ച മൊബൈലും സിമ്മിം കണ്ടെടുത്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രതികളുടെ എണ്ണം കൂടുമെന്ന് പൊലീസ് പറഞ്ഞു. അപ്പാപ്പന്‍ പത്രോസ് എന്ന പത്രോസ് ജോണ്‍ (28), സനീഷ് എന്ന സൈമണ്‍ (29) എന്നിവരാണ് ആദ്യം പിടിയിലായത്. മനുവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയെന്നാണ് പൊലീസിനോട് പ്രതികൾ ആദ്യം പറഞ്ഞത്. 

പിന്നീട് പിടിയിലായ ഓമനക്കുട്ടന്‍ എന്ന ജോസഫ് (19), കൊച്ചുമോന്‍ എന്ന സെബാസ്റ്റ്യന്‍ (39) എന്നിവരാണ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പറഞ്ഞത്. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയില്‍ കാകന്‍ മനു (28) വിനെയാണ് കഴിഞ്ഞ 19 മുതല്‍ പറവൂരില്‍ നിന്നും കാണാതായത്. തുടര്‍ന്ന് പിതാവ് മനോഹരന്‍ 21ന് പുന്നപ്ര പൊലീസിന്  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വഷണം ആരംഭിച്ചത്. പറവൂരിലെ ബാറിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് മനുവിന്റെ തിരോധാനത്തിന് തുമ്പ് ലഭിച്ചത്.