Asianet News MalayalamAsianet News Malayalam

പവിത്രയ്ക്ക് ഇൻസ്റ്റ മെസേജായി അശ്ലീലം, ആളെ കണ്ടെത്താൻ ക്വട്ടേഷൻ, സൂപ്പർ താരങ്ങളുടെ ഇരുമ്പഴികളിലേക്കുള്ള വഴി...

പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചതിന് രേണുകസ്വാമി എന്നയാളെ ദർശൻ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

Kannada superstar Darshan Thugudeepa and actress Ppavithra gowda arrested in the murder case
Author
First Published Jun 12, 2024, 1:12 AM IST

ബെംഗളൂരു: കൊലക്കേസിൽ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിൽ. ദർശനെ മൈസുരുവിലെ ഫാം ഹൗസിൽ വച്ചും നടിയെ ബെംഗളുരുവിലെ വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചതിന് രേണുകസ്വാമി എന്നയാളെ ദർശൻ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

ബോക്സ് ഓഫീസ് സുൽത്താൻ എന്ന് കൂടി വിളിപ്പേരുള്ള കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപ കൊലക്കേസിൽ അറസ്റ്റിലായ വാർത്ത സാൻഡൽ വുഡ് ഞെട്ടലോടെയാണ് കേട്ടത്. 33-കാരനായ രേണുകാ സ്വാമിയെന്ന ചിത്രദുർഗ സ്വദേശിയെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ട് വന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ തീർത്തും രഹസ്യമായി ഇന്ന് പുലർച്ചെയാണ് മൈസുരുവിലെ ഫാം ഹൗസിൽ നിന്ന് ദർശനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

ഞായറാഴ്ച രാവിലെയാണ് ബെംഗളുരുവിലെ സോമനഹള്ളിക്ക് അടുത്തുള്ള കാമാക്ഷിപാളയയിലെ ഒരു പാലത്തിന് കീഴെ മാലിന്യക്കൂമ്പാരത്തിൽ ഒരു മൃതദേഹം കിടക്കുന്നത് നാട്ടുകാർ കണ്ടത്. തെരുവുനായ്ക്കൾ കടിച്ച് വലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. മരിച്ചത് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെന്ന് തിരിച്ചറിഞ്ഞ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. 

തിങ്കളാഴ്ച ഉച്ചയോടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ ഗിരിനഗർ പൊലീസിന് മുമ്പാകെ കീഴടങ്ങി. സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് ഇയാളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചാണ് മൂവരുമെത്തിയത്. ഇത് പൂർണമായും വിശ്വസിക്കാതിരുന്ന പൊലീസ് എല്ലാവരെയും വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ ദർശന്റെ പങ്ക് വെളിവായത്. ദർശൻ അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് ഇൻസ്റ്റാഗ്രാമിൽ രേണുക സ്വാമി അശ്ലീല സന്ദേശങ്ങളയച്ചിരുന്നു. ഇയാളെ കണ്ടെത്തി തട്ടിക്കൊണ്ട് വരാൻ ദർശൻ ഇവർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. 

ആർ ആർ നഗറിലെ ദർശന്റെ വീട്ടിലെ കാർ പോർച്ചിൽ വച്ച് ഇയാളെ നടനും ക്വട്ടേഷൻ സംഘാംഗങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനിടെ ഇയാൾ മരിച്ചു. തുടർന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയെ മർദ്ദിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ മുമ്പും പ്രതിയാണ് ദർശൻ തൂഗുദീപ. കന്നഡയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർസ്റ്റാറുകളിലൊരാളുമാണ്. ദർശന് എതിരായ കേസുകൾ എന്നും കന്നഡ മാധ്യമങ്ങളിൽ ചൂടുള്ള വാർത്തകൾ ആയിരുന്നു. 

ഭാര്യ വിജയലക്ഷ്മിയെ ക്രൂരമായി മർദ്ദിച്ചതിന് അവർ നൽകിയ ഗാർഹിക പീഡന പരാതി കോടതിയിൽ ഏറെ പണിപ്പെട്ടാണ് ദർശൻ ഒത്തു തീർപ്പാക്കിയത്. 2021-ൽ മൈസുരുവിലെ ഒരു സ്റ്റാർ ഹോട്ടലിൽ വെയ്റ്ററെ ക്രൂരമായി മർദ്ദിച്ചെന്ന വിവരം പുറത്ത് വന്നെങ്കിലും വെറും അമ്പതിനായിരം രൂപ കൊടുത്ത് ദർശൻ ആ കേസിൽ പരാതിയില്ലാതെ തടിയൂരി. 2022-ൽ കന്നഡ സിനിമാ നിർമാതാവ് ഭരതിനെ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ് ദർശൻ. 

പവിത്ര ഗൗഡയുമായുള്ള ബന്ധത്തെച്ചൊല്ലി ദർശന്റെ ഭാര്യ വിജയലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദർശനുമൊത്തുള്ള ഫോട്ടോ പങ്ക് വെച്ച പവിത്ര പത്താം വാർഷികം എന്ന അടിക്കുറിപ്പോടെ റീൽ പങ്ക് വെച്ചതിനു പിന്നാലെയാണ് വിമർശനവുമായി വിജയലക്ഷ്മി രംഗത്തെത്തിയത്. മൈസുരുവിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷം ബംഗളുരുവിൽ എത്തിച്ച ദർശനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെ നടി പവിത്ര ഗൗഡയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios