കണ്ണൂർ: ജില്ലയിലെ പടിക്കച്ചാലിൽ എസ്‍ഡിപിഐയുടെ പ്രതിഷേധപ്രകടനത്തിനെതിരെ ബോംബേറ്. എസ്‍ഡിപിഐ പ്രവർത്തകനായ സയ്യിദ് സ്വലാഹുദ്ദീനെ വൈകിട്ട് വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. ആർഎസ്എ‍സ് പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് എസ്‍ഡിപിഐ ആരോപിക്കുന്നു. 

2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് ഇന്ന് കൊല്ലപ്പെട്ട സ്വലാഹുദ്ദീൻ. പ്രതികാരക്കൊലയാകാനാണ് സാധ്യതയെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. വൈകിട്ടോടെ, കാറിൽ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം സ്വലാഹുദ്ദീനെ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. 

ഇന്ന് വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വച്ചാണ് സംഭവം. സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തുവീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീൻ ശ്യാമപ്രസാദ് കൊലക്കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.