തിരുവനന്തപുരം: പാങ്ങോട് മോഷണക്കേസ് പ്രതിയായ കരിമ്പുലി ഷിബുവിന്റെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടി. ഷിബുവിന്റെ സുഹൃത്തും കൊലക്കേസ് പ്രതിയുമായ നവാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് തലക്കടിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ച് തീയിട്ട് കൊല്ലാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്. നായ കടിച്ചെടുത്ത നിലയില്‍ കാല്‍പ്പാദം മറ്റൊരിടത്ത് കണ്ടെത്തിയതാണ് മൃതദേഹം കണ്ടെത്തുന്നതിലേക്കും കേസിലേക്കുമെത്തിയത്. മോഷണക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഷിബുവിന്റെത് കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നവാസിലേക്ക് എത്തിച്ചത്. സംഭവ ദിവസം ഷിബുവും നവാസും മദ്യപിക്കാനായി ഷിബുവിന്റെ വീട്ടിലേക്ക് പോവുന്നത് കണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ നവാസ് ഇത് നിഷേധിച്ചു. സാഹചര്യത്തെളിവുകള്‍ വെച്ച് പിന്നീടുളള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് നവാസ്. മുമ്പ് ഷിബു നവാസിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ മുന്‍വൈരാഗ്യമാവം കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.