തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെയാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം ഉണ്ടായത്. 

കൊല്ലം: തീവണ്ടിയാത്രക്കിടെ സഹോദരിമാരോട് അശ്ലീല പ്രകടനം കാണിച്ചയാള്‍ പിടിയിൽ. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയിലാണ് സഹോദരിമാർക്ക് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരം മുതൽ ജയകുമാർ പെണ്‍കുട്ടികളോട് അശ്ലീല പ്രകടനം കാണിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളുടെ ദൃശ്യം മൊബൈലിൽ പകർത്തി. കഴക്കൂട്ടത്തെത്തിയപ്പോള്‍ മൊബൈലിൽ പകർത്തിയ പെണ്‍കുട്ടിയെ പ്രതി അടിച്ചു. പിന്നാലെ ട്രെയിനില്‍ നിന്നും ഇറങ്ങി. 

പെണ്‍കുട്ടി കൈമാറിയ വീഡിയോ ഒരു സുഹൃത്ത് നവമാധ്യത്തിൽ പങ്കുവച്ചതോടെയാണ് പൊലീസ് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടികള്‍ ആദ്യം പരാതി നൽകാൻ തയ്യാറാകാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുത്തു. വൈകുന്നേരം പെണ്‍കുട്ടികള്‍ മൊഴി നൽകി. ഇതിനിടെ മാധ്യമങ്ങളിൽ ജയകുമാറിന്‍റെ അശ്ലീല പ്രകടനം കണ്ട് വീട്ടുകാർ തന്നെ പുറത്താക്കി. കുരുനാഗപ്പളളി വീടിന് സമീപം വച്ചാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് റെയിൽവേ പൊലീസ് കേസെടുത്തത്.