ആലപ്പുഴ: സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഷഫീക്ക് പിടിയിലായി. ഒന്നാം പ്രതി മുജീബ് , മൂന്നാം പ്രതി  ഫൈസൽ എന്നിവർ നേരത്തെ കസ്റ്റഡിയിലായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ പിടിയിൽ ആകാൻ ഉണ്ടെന്ന്  പോലീസ് പറഞ്ഞു.

കേസിൽ അറസ്റ്റിലായ കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാമിന് ജാമ്യം ലഭിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി മുജീബിനെ  രക്ഷപ്പെടാൻ സഹായിച്ചതിനും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനുമായിരുന്നു അറസ്റ്റ് ചെയ്തത്.

സിയാദ് വധക്കേസിൽ മുഖ്യപ്രതി മുജീബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൃത്യം നടത്തിയ ശേഷം മറ്റൊരു സംഘ‍ർഷത്തിൽ ഏർപ്പെട്ട മുജീബിന് തോളിൽ വെട്ടേറ്റിരുന്നു. അക്രമി സംഘത്തിൽപ്പെട്ട ഫൈസലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കായംകുളം എംഎസ്എം കോളേജ് പരിസരത്തെ ഗുണ്ടാവിളയാട്ടം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് സിയാദിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.