Asianet News MalayalamAsianet News Malayalam

സയനൈഡ് കൊലകൾ ആറ്! മല്ലികയുടെ കേരള പതിപ്പോ ജോളി?

  • എട്ട് വർഷത്തിനിടെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സയനൈഡ് മല്ലിക
  • സയനൈഡ് മല്ലികയ്ക്ക് എതിരെ മറ്റ് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലും അന്വേഷണം നടക്കുന്നുണ്ട്
KD Kempamma alias Cyanide Mallika India first convicted women serial killer
Author
Bengaluru, First Published Oct 5, 2019, 3:53 PM IST

ബെംഗളുരു: കൂടത്തായി വലിയൊരു വിവാദത്തിനാണ് കേരളത്തിൽ തീകൊളുത്തിയിരിക്കുന്നത്. പതിനാല് വർഷത്തിനിടയിൽ നടന്ന ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നതും. ആറും സയനൈഡ് അകത്ത് ചെന്നാണെന്നാണ് സംശയം. ആറിനും പിന്നിൽ ജോളിയെന്ന സ്ത്രീ കൂടിയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സയനൈഡ് മല്ലിക എന്ന കൊടുംകുറ്റവാളിയുടെ കേരള പതിപ്പാണോ ഇവരെന്ന് സംശയം തോന്നാം.

കൂടത്തായിയിലെ ജോളിയും ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയൽ കില്ലറായ മല്ലികയും തമ്മിൽ അത്രയേറെ സാമ്യതകളുണ്ട്. ജോളി പതിനാല് വർഷം കൊണ്ട് ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. മല്ലിക എട്ട് വർഷം കൊണ്ട് നടത്തിയതും ആറ് കൊലപാതകങ്ങളാണ്. രണ്ടിടത്തും ഇരകളുടെ വിശ്വാസം ആർജ്ജിച്ച ശേഷം തന്ത്രപരമായി വിഷം കഴിപ്പിച്ച് കൊലപ്പെടുത്തുക എന്ന രീതിയാണ് കൊലയാളി സ്വീകരിച്ചത്. ആരോരുമറിയാതെ വർഷങ്ങളോളം സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്തു ഇവർ. വർഷങ്ങളുടെ ഇടവേളയിൽ വീണ്ടും കൊലപാതകങ്ങൾ ആവർത്തിച്ച്, ഒടുവിൽ പിടിക്കപ്പെടുന്നു.

കെഡി കെംപമ്മ, അതാണ് സയനൈഡ് മല്ലികയുടെ യഥാർത്ഥ പേര്. ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയൽ കില്ലറാണ് ഇവരെന്നത് ഒരിക്കലും മായ്ക്കാനാവാത്ത ചരിത്രം. മല്ലിക നടത്തിയ ആദ്യ കൊലപാതകവും രണ്ടാമത്തെ കൊലപാതകവും തമ്മിൽ ഏഴ് വർഷത്തിന്റെ ഇടവേളയായിരുന്നു. എട്ടാം വർഷത്തിലെ അവസാന മൂന്ന് മാസത്തിനിടെയാണ് മല്ലിക ശേഷിച്ച അഞ്ച് പേരെയും കൊന്നത്. ഭക്തിയുടെ പേരിൽ നടത്തിയ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ മോഷണമെന്ന ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായത്.

കർണാടകയിലെ കഗ്ഗളിപുര സ്വദേശിയായിരുന്നു കെംപമ്മ. 1970 ൽ ജനനം. ഒരു തയ്യൽക്കാരനെ വിവാഹം കഴിച്ചെങ്കിലും ബന്ധം അധികകാലം നീണ്ടുപോയില്ല. 1998 ൽ ഇദ്ദേഹം ബന്ധം വേർപെടുത്തി. കെംപമ്മ നടത്തിവന്ന ചിട്ടി പൊളിഞ്ഞതും വലിയ നഷ്ടം നേരിട്ടതുമാണ് ഇയാൾ ബന്ധം വേർപെടുത്താൻ കാരണം. ഇതോടെ കെംപമ്മയെ തന്റെ വീട്ടിൽ നിന്ന് ഭർത്താവ് അടിച്ചിറക്കി. 

മൂന്ന് മക്കളുമായി ഭർത്താവിന്റെ വീടിന്റെ പടിയിറങ്ങിയ കെംപമ്മയ്ക്ക് മുന്നിൽ ജീവിതം ചോദ്യചിഹ്നമായി. അതോടെ പല ജോലികളും ചെയ്യാൻ അവർ നിർബന്ധിതയായി. ഒരു വീട്ടിൽ പുറംപണിക്കായി പോയ അവർ ഇതിന് പുറമെ ഒരു തട്ടാന്റെ സഹായിയായും ജോലിക്ക് ചേർന്നു. ജോലിക്ക് നിന്ന വീട്ടിൽ നിന്ന് വിലയേറിയ വസ്തുക്കൾ മോഷ്ടിച്ചുവെന്ന ആരോപണം നേരിട്ട അവർക്ക് ആ ജോലി നഷ്ടപ്പെട്ടു.

കൂടുതൽ വലിയ മോഷണം നടത്താൻ ഇതോടെ അവർ തയ്യാറെടുത്തു. അതിന് തട്ടാനൊപ്പമുള്ള ജോലി അവർക്ക് സഹായകരമായി. ഇവിടെ നിന്നാണ് അവർക്ക് സയനൈഡ് ലഭിച്ചത്.

ബെംഗളുരുവിൽ അടിക്കടി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന ഇവർ, കടുത്ത ദു:ഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെ ശ്രദ്ധിക്കാൻ ആരംഭിച്ചു. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് അതീവ ദു:ഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബെംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ  പുണ്യതീർത്ഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകുകയായിരുന്നു പദ്ധതി. 

മല്ലികയുടെ ആദ്യ കുറ്റകൃത്യം നടക്കുന്നത് 1999 ഒക്ടോബർ 19 ന് ഹൊസ്‌കോടെയിൽ വച്ചാണ്. 30കാരിയായ മമത രാജൻ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു. മമതയുടെ കൊലപാതക കേസിൽ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് മല്ലികയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എങ്കിലും ഏഴ് വർഷത്തോളം അവർ കാത്തിരുന്നു.

തന്റെ രണ്ടാമത്തെ കുറ്റം അവർ ചെയ്തത് 2007 ലായിരുന്നു. തന്റെ കാണാതായ ചെറുമകൾക്ക് വേണ്ടി പ്രാർത്ഥിക്കാനെത്തിയ എലിസബത്തിന്റെ വിശ്വസം തന്ത്രത്തിൽ ആർജ്ജിച്ച ഇവർ ഈ കൊലപാതകവും വിജയകരമായി നടത്തി. കബലമ്മ ക്ഷേത്രത്തിലെത്തിച്ചായിരുന്നു സയനൈഡ് കലർത്തിയ വെള്ളം നൽകിയത്. സിദ്ധഗംഗ മഠത്തിൽ വച്ചാണ് മൂന്നാമത്തെ കുറ്റകൃത്യം. 60 കാരിയായ യശോദമ്മയെയാണ് കൊലപ്പെടുത്തിയത്. ആസ്തമ രോഗത്തിൽ നിന്ന് മുക്തി വാഗ്‌ദാനം ചെയ്താണ് യശോദമ്മയ്ക്ക് വെള്ളം നൽകിയത്.  ഭക്തിഗാനങ്ങൾ പാടണമെന്ന് ആഗ്രഹിച്ച് നടന്ന മുനിയമ്മയെന്ന വയോധികയായിരുന്നു നാലാമത്തെ ഇര. മധൂർ വൈദ്യനാഥപുരയിലാണ് അഞ്ചാമത്തെ ഇരയായ പിള്ളമ്മയെ കൊലപ്പെടുത്തിയത്. ഹെബ്ബാർ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പിള്ളമ്മയെ കൊലപ്പെടുത്തിയത് ക്ഷേത്രത്തിന് പണം വാഗ്ദാനം ചെയ്ത് നേടിയ വിശ്വാസം ആർജ്ജിച്ചാണ്. ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചെത്തിയ നാഗവേണിയെന്ന 30കാരിയായിരുന്നു മല്ലികയുടെ അവസാനത്തെ ഇര.

എന്നാൽ ഇവിടെ അവസാനിക്കുന്നില്ല സയനൈഡ് മല്ലികയുടെ കുറ്റകൃത്യത്തിന്റെ നിര. താൻ പാചകക്കാരിയായി ജോലി ചെയ്ത ഒരു വീട്ടിൽ ഒപ്പമുണ്ടായിരുന്ന മണിയുടെ സഹോദരി രേണുകയെ കൊലപ്പെടുത്തിയതും മല്ലികയാണെന്നാണ് ആരോപണം. പ്രവാസിയായിരുന്നു രേണുകയുടെ ഭർത്താവ് നാട്ടിലെത്തിയപ്പോൾ ഭാര്യ വീട്ടിലില്ലായിരുന്നു. ഇതോടെ ഭാര്യയെ കാണാതായതായി ഇദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. രേണുകയും മല്ലികയും തമ്മിലുള്ള സൗഹൃദം നന്നായറിയുന്ന മണി, മല്ലികയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി. 

മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 2008 ഡിസംബർ 31 ന് ഒരു ബസ് സ്റ്റാന്റിൽ വച്ചാണ് മല്ലികയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ ഇവർ കുറ്റകൃത്യങ്ങൾ സമ്മതിച്ചു. മുനിയമ്മയുടെ കൊലപാതകത്തിൽ മല്ലികയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. നാഗവേണിയുടെ കൊലപാതകത്തിൽ ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് മേൽക്കോടതി ഇത് ജീവപര്യന്തമാക്കി കുറച്ചു. 

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ വികെ ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിഞ്ഞപ്പോഴാണ് ഇവരെ കുറിച്ച് വീണ്ടും വാർത്തകൾ വന്നത്. അന്ന് ശശികലയ്ക്ക് ഉച്ചയ്ക്ക് തടവുകാരുടെ ക്യൂവിൽ നിന്ന് ഭക്ഷണം വാങ്ങി സെല്ലിൽ എത്തിച്ച് നൽകിയത് മല്ലികയായിരുന്നു. ഇരുവരും തമ്മിൽ നല്ല സൗഹൃദമായിരുന്നുവെന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ ശശികലയുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനയെ തുടർന്ന് മല്ലികയെ ഈ ജയിലിൽ നിന്ന് മാറ്റി.
 

Follow Us:
Download App:
  • android
  • ios