ആലപ്പുഴ:  എക്സൈസിന്‍റെ വൻ ലഹരി വേട്ട. മണ്ണഞ്ചേരിയിൽ നിന്ന് 500 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വിപണിയിൽ 18 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി ഉൽപന്നങ്ങളാണ് എക്സൈസ് സ്ക്വാഡ് പിടികൂടിയത്.

മണ്ണഞ്ചേരിയിലെ വാടകവീട്ടിലാണ് നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ ബിജുകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ഇരുപത്തയ്യായിരം പാക്കറ്റുകൾക്ക് 18 ലക്ഷത്തിലധികം രൂപ വിലവരും.

നഗരത്തിലെ വിവിധ കടകളിൽ വിതരണം ചെയ്യുന്നതിനായി ഒന്നര ലക്ഷം രൂപ കൊടുത്താണ് ഇവ വാങ്ങിയതെന്ന് പിടിയിലായ മണ്ണഞ്ചേരി സ്വദേശി സുനീർ മൊഴി നൽകി. 

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന ഉത്പന്നങ്ങൾ ജില്ലയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. അറസ്റ്റിലായ സുനീറിൽ നിന്ന് മറ്റ് ലഹരി കടത്ത് സംഘങ്ങളെകുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.