തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ എം ശിവശങ്കര്‍ ഐഎഎസിനെ അറസ്റ്റ് ചെയ്തേക്കും. പ്രതിചേര്‍ക്കാന്‍ ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കും. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്  സൂചന ലഭിച്ചു. ഇതേ സമയം മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് ഒന്‍പത് മണിക്കൂര്‍ കഴിഞ്ഞും പുരോഗമിക്കുകയാണ്. 

വൈകിട്ട് അഞ്ചരയോടെ ആരംഭിച്ചതാണ് ചോദ്യം ചെയ്യൽ. കസ്റ്റംസ് ഉദ്യോ​ഗസ്ഥ‍ർ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്ക‍‍ർ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ എത്തിയത്.

സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ ഏതെങ്കിലും രീതിയിൽ സഹായം നൽകിട്ടുണ്ടോ? കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങളാകും ശിവശങ്കറിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുക. വൈകുന്നേരം അഞ്ച് മണിയോടെയാണ് കസ്റ്റംസ് അസി. കമ്മീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള  മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തി ശിവശങ്കറിനെ കണ്ടത്. 

ഡിആർഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. പൂജപ്പുരയിലെ വസതിയിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്. തുടര്‍ന്ന് കസ്റ്റംസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു

അതേസമയം, തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലില്‍ കസ്റ്റം പരിശോധന നടന്നു. സ്വപ്നയും സരിത്തും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. 

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും കസ്റ്റംസ് പരിശോധിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. ഹോട്ടലില്‍ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു. അതിനിടെ സന്ദീപിന്‍റെ വീട്ടില്‍ നിന്ന് എന്‍ഐഎ ഫോണഉകള്‍ പിടിച്ചെടുത്തു.

അരുവിക്കരയിലെ വീട്ടില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്.

ഇതിനിടെ, സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പി ആർ സരിത്തിന്‍റെയും സ്വപ്ന സുരേഷിന്‍റെയും കോൾ ലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. 

സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്നു.